ചെന്നൈ : എസ്.എസ് രാജമൗലിയുടെ ആർആർആർ എന്ന ചിത്രത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ വിശദീകരണവുമായി ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി. താൻ പറഞ്ഞ കാര്യങ്ങൾ പൊതുമണ്ഡലത്തിൽ ചർച്ചയിലുള്ള കാര്യങ്ങളാണെന്നും ആരെയും അധിക്ഷേപിക്കാനായിരുന്നില്ലെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു. ചിത്രത്തെക്കുറിച്ച് അന്താരാഷ്‌ട്ര പ്രേക്ഷകരുടെ അഭിപ്രായം താൻ പറയുക മാത്രമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
നടനും എഴുത്തുകാരനും സംവിധായകനുമായ മുനിഷ് ഭരദ്വാജ് ഒരു ട്വീറ്റിൽ ആർആർആറിനെ മാലിന്യം എന്ന് വിശേഷിപ്പിച്ചിരുന്നു. കഴിഞ്ഞ രാത്രിയിൽ 30 മിനിറ്റോളം ഒരു ചവറ് (ആർആര്‍ആര്‍) കണ്ടെന്ന് മുനിഷ് ഭരദ്വാജ് ട്വിറ്ററിൽ കുറിക്കുകയായിരുന്നു. മുനിഷിന്‍റെ ട്വീറ്റിന് മറുപടിയായി സ്വവർഗ പ്രണയ ചിത്രമാണതെന്നായിരുന്നു റസൂൽ പൂക്കുട്ടി കുറിച്ചത്. ചിത്രത്തിലെ നായികയായ ആലിയ ഭട്ട് വെറുമൊരു പ്രദർശന വസ്‌തു മാത്രമാണെന്നും റസൂൽ കുറ്റപ്പെടുത്തി.
ഇതിനെതിരെ ചിത്രത്തിന്‍റെ ആരാധകർ രംഗത്തെത്തി. റസൂൽ പൂക്കുട്ടി ഹോമോഫോബിക് ആണെന്നും അദ്ദേഹത്തിന്‍റെ അഭിപ്രായം അസൂയ നിറഞ്ഞതാണെന്നും പ്രൊഫഷണൽ അല്ലെന്നും ഉൾപ്പടെയുള്ള പ്രതികരണങ്ങൾ ആരാധകരുടെ ഭാഗത്തുനിന്ന് ഉണ്ടായി.
550 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം ബോക്സ് ഓഫിസിൽ 12,000 കോടിയാണ് സ്വന്തമാക്കിയത്. ജൂനിയർ എൻടിആറിനും രാം ചരണിനും അലിയ ഭട്ടിനും പുറമെ ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗൺ ശ്രീയ ശരൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.