ന്യൂഡൽഹി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി വിവിധ പാർട്ടികളിലെ ഉന്നത നേതാക്കൾ തിങ്കളാഴ്‌ച കൂടിക്കാഴ്‌ച നടത്തി. മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ ഒരുക്കിയ അത്താഴവിരുന്നിൽ, പാർട്ടി നേതൃത്വത്തിൽ അഴിച്ചുപണി ആവശ്യപ്പെട്ട 'ജി-23' അംഗങ്ങളും പങ്കെടുത്തു. പ്രതിപക്ഷ ഐക്യം കൂടുതൽ ദൃഢമാകുന്നതിന് ഇത്തരം കൂടിക്കാഴ്‌ചകൾ അനിവാര്യമാണെന്നും വരാനിരിക്കുന്ന യുപി തെരഞ്ഞെടുപ്പിലും 2024ലെ പൊതുതെരഞ്ഞെടുപ്പിലും ബിജെപിയെ പരാജയപ്പെടുത്തുമെന്നും കൂടിക്കാഴ്‌ചയിൽ പങ്കെടുത്ത ഒരു നേതാവ് പ്രതികരിച്ചു.
പ്രതിപക്ഷ ഐക്യം ശക്തം
ആർജെഡിയുടെ ലാലു പ്രസാദ് യാദവ്, എൻസിപി മേധാവി ശരദ് പവാർ, സമാജ്‌വാദി പാർട്ടിയുടെ അഖിലേഷ് യാദവ്, രാം ഗോപാൽ യാദവ്, സിപിഎമ്മിന്‍റെ സീതാറാം യെച്ചൂരി, കോൺഗ്രസ് നേതാവ് പി ചിദംബരം തുടങ്ങി വിവിധ പാർട്ടികളിലെ ഉന്നത നേതാക്കൾ യോഗത്തിൽ പങ്കെടുത്തിരുന്നു.
ALSO READ: ജനാധിപത്യ സംരക്ഷണത്തിന് പ്രതിപക്ഷം ഐക്യപ്പെടണമെന്ന് മമത
കപിൽ സിബലിനെ കൂടാതെ ജി-23 നേതാക്കളായ ഗുലാം നബി ആസാദ്, ഭൂപീന്ദർ സിംഗ് ഹൂഡ, ആനന്ദ് ശർമ്മ, മുകുൾ വാസ്നിക്, മനീഷ് തിവാരി, ശശി തരൂർ മുതലായവരും ഉണ്ടായിരുന്നു. കൂടിക്കാഴ്‌ച വിജയകരമായിരുന്നുവെന്നും ബിജെപിക്കെതിരെ പ്രതിപക്ഷം ശക്തമായി സംഘടിക്കുമെന്നും നേതാക്കൾ അറിയിച്ചു. പെഗാസസ് വിവാദം, കർഷക സമരം, കൊവിഡ് തുടങ്ങിയ നിരവധി വഷയങ്ങളിൽ പ്രതിപകഷം കേന്ദ്രത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്.
ജി 23 കൂട്ടായ്മ എന്നാല്‍
കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തെ ചോദ്യം ചെയ്ത് ഉയര്‍ന്ന വിഭാഗമാണ് ജി 23 എന്ന പേരിലറിയപ്പെടുന്നത്. 2021 ഫെബ്രുവരില്‍ ഗുലാംനബി ആസാദ്, രാജ്യസഭാ ഉപനേതാവ് ആനന്ദ് ശർമ, മുൻ കേന്ദ്രമന്ത്രി കപിൽ സിബൽ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, യുപി പിസിസി അധ്യക്ഷനായിരുന്ന രാജ് ബബ്ബർ, വിവേക് തൻഖ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജമ്മുവില്‍ ശാന്തി സമ്മേളൻ എന്ന പേരിലാണ് ആദ്യ യോഗം നടന്നത്.
കോൺഗ്രസിൽ അഴിച്ചുപണി ആവശ്യപ്പെട്ട് സോണിയക്ക് കത്തയച്ചതോടെയാണ് ജി -23 നേതാക്കൾ ശ്രദ്ധാകേന്ദ്രമായത്. ബിജെപിയെ ചെറുക്കുന്നതിൽ രാഹുൽ പരാജയമാണെന്ന നിലപാടാണ് വിമതര്‍ക്ക്. എ.കെ ആന്റണിയെയും വേണുഗോപാലിനെയും പോലുള്ളവര്‍ സോണിയയിലും രാഹുലിലും അമിതസ്വാധീനം ചെലുത്തുന്നതും വിമതനീക്കത്തെ പ്രചോദിപ്പിച്ചു.