ബെംഗളൂരു: ബിജെപിയെ അധികാരത്തില്‍ നിന്നിറക്കുക എന്ന ലക്ഷ്യവുമായി പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന ഐക്യ യോഗത്തിന് ഇന്ന് ബെംഗളൂരുവില്‍ തുടക്കമാകും. രണ്ട് ദിവസത്തെ (ജൂലായ് 17-18) യോഗത്തില്‍ വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പും തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും ചർച്ചയാകും. പ്രതിപക്ഷത്തെ 24 പ്രമുഖ പാർട്ടികളാണ് ബെംഗളൂരുവില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നത്.
പവാർ വരുമോ ഇല്ലയോ: മഹാരാഷ്ട്രയിലെ നായകീയ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവില്‍ എൻസിപി പിളർന്ന് ഒരു വിഭാഗം ബിജെപി സഖ്യ സർക്കാരില്‍ ചേർന്നത് പ്രതിപക്ഷ ഐക്യ നീക്കത്തിന് കനത്ത തിരിച്ചടിയായ സാഹചര്യത്തിലാണ് യോഗം നടക്കുന്നത്. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തിന് മുൻകൈയെടുത്ത ശരദ് പവാർ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. പകരം മകളും എൻസിപി വർക്കിങ് പ്രസിഡന്‍റുമായ സുപ്രിയ സുലെ ആണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
പവാർ നാളെ ബെഗളൂരുവില്‍ എത്തി യോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. അതിനിടെ എൻസിപി വിട്ട് ഏക്‌നാഥ് ഷിൻഡെ സർക്കാരിന്‍റെ ഭാഗമായ അജിത് പവാറും കൂട്ടാളികളും ശരദ്‌പവാറിനെ കണ്ട് ഒന്നിച്ച് നില്‍ക്കണമെന്ന ആവശ്യം ഉന്നയിച്ചതായും വാർത്തകളുണ്ട്.
സ്വീകരിക്കാൻ ഡികെ: കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനം എന്ന നിലയില്‍ ബെംഗളൂരുവില്‍ നടക്കുന്ന ഐക്യ യോഗത്തിന് ആതിഥേയത്വം വഹിക്കുന്നതും കോൺഗ്രസാണ്. കോൺഗ്രസ് കർണാടക അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാറിനാണ് പ്രതിപക്ഷ നേതാക്കളെ സ്വീകരിക്കുന്നതിനുള്ള ചുമതല നല്‍കിയിരിക്കുന്നത്. ബെംഗളൂരുവിലെ പ്രധാനപ്പെട്ട ഫൈവ് സ്റ്റാർ ഹോട്ടലിലാണ് നേതാക്കൻമാർക്ക് താമസവും യോഗ സ്ഥലവും തീരുമാനിച്ചിരിക്കുന്നത്.
ഇന്ന് രാവിലെ 11 മണിക്ക് കോൺഗ്രസ് നേതാക്കളായ ജയ്‌റാം രമേശ്, കെസി വേണുഗോപാല്‍ എന്നിവർ യോഗത്തിന് മുൻപായി മാധ്യമങ്ങളെ കാണുന്നുണ്ട്. ഇന്ന് ഉച്ചയോടെയാകും പ്രതിപക്ഷത്തെ പ്രമുഖ നേതാക്കൾ ബെംഗളൂരുവിലെത്തുക. ഇന്ന് രാത്രി സോണിയ ഗാന്ധിയുടെ അത്താഴ വിരുന്നുണ്ടാകും. അനൗദ്യോഗിക ചർച്ചകൾക്ക് ശേഷം നാളെ രാവിലെ മുതലാണ് ഔദ്യോഗിക യോഗവും ചർച്ചകളും നടക്കുക.
സോണിയ വരുന്നു: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യുക എന്നതാകും യോഗത്തിന്‍റെ പ്രധാന അജണ്ട. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി പങ്കെടുക്കും എന്നതാണ് രണ്ടാം യോഗത്തിന്‍റെ പ്രത്യേകത. കാലിന് പരിക്കേറ്റ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും യോഗത്തില്‍ പങ്കെടുക്കാൻ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ ജൂൺ 23ന് പാട്‌നയില്‍ നടന്ന യോഗത്തില്‍ നിന്ന് വ്യത്യസ്തമായി വിശാല പ്രതിപക്ഷ യോഗമാണ് ഇത്തവണ ബെംഗളൂരുവില്‍ നടക്കുന്നത്.
ആപ്പിന്‍റെ പിണക്കം മാറി: ഡല്‍ഹിയില്‍ കോൺഗ്രസുമായുള്ള രാഷ്ട്രീയ തർക്കങ്ങളും പിണക്കങ്ങളും അവസാനിച്ച സാഹചര്യത്തില്‍ ആംആദ്‌മി പാർട്ടിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നേരത്തെ പട്‌ന യോഗത്തിൽ 16 പ്രതിപക്ഷ പാർട്ടികളെ ക്ഷണിക്കുകയും 15 പേർ യോഗത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. കോൺഗ്രസിന് പുറമെ, ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് (ടിഎംസി), ജനതാദൾ (യുണൈറ്റഡ്) (ജെഡിയു), രാഷ്ട്രീയ ജനതാദൾ (ആർജെഡി), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി), ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, സമാജ്‌വാദി പാർട്ടി, ജമ്മു ആൻഡ് കശ്മീർ നാഷണൽ കോൺഫറൻസ് (എൻസി), പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷൻ (സിപിഐഎംഎൽ), ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം), ആം ആദ്മി പാർട്ടി (എഎപി), രാഷ്ട്രീയ ലോക്ദൾ എന്നിവയും പട്ന യോഗത്തിലേക്കുള്ള ക്ഷണിതാക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നു. പട്‌ന യോഗത്തിൽ നിന്ന് നേരത്തെ വിട്ടുനിന്ന രാഷ്ട്രീയ ലോക്ദൾ പാർട്ടി അധ്യക്ഷൻ ജയന്ത് ചൗധരി തിങ്കളാഴ്ച ബെംഗളൂരുവിൽ നടക്കുന്ന രണ്ടാമത്തെ യോഗത്തിൽ പങ്കെടുക്കും.
ഇവരും കൂടിയുണ്ട്: രണ്ടാം പ്രതിപക്ഷ യോഗത്തിലേക്ക് 10 പുതിയ കക്ഷികളെ കൂടി ക്ഷണിച്ചിട്ടുണ്ട്. ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ), വിടുതലൈ ചിരുതൈകൾ പാർട്ടി (വിസികെ), റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർഎസ്പി), കൊങ്ങു ദേശ മക്കൾ പാർട്ടി (കെഡിഎംകെ), ഫോർവേഡ് ബ്ലോക്ക്, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഐയുഎംഎൽ), കേരള കോൺഗ്രസ് (ജോസഫ്), കേരള എന്നിവ ഉൾപ്പെടുന്നു. കോൺഗ്രസ് (മാണി), അപ്നാ ദൾ (കാമറവാദി), തമിഴ്‌നാട്ടിലെ മനിതനേയ മക്കൾ കച്ചി (എംഎംകെ) എന്നിവർക്കാണ് ഇത്തവണത്തെ യോഗത്തില്‍ ക്ഷണമുള്ളത്.