ന്യൂഡല്‍ഹി: 12 പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധവും പാർലമെന്‍റ് സ്തംഭനവും ഒഴിവാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍. ഇന്ന് രാവിലെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ല. 12 പ്രതിപക്ഷ എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുക, ലഖിംപൂര്‍ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്‌കുമാര്‍ മിശ്ര രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തങ്ങള്‍ ഉയര്‍ത്തുന്നത്. ഈ ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും സ്തംഭിപ്പിക്കുമെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത് പറഞ്ഞു.
എല്ലാ പ്രതിപക്ഷ പാര്‍ട്ടി കക്ഷി നേതാക്കളേയും ചര്‍ച്ചയ്ക്ക് വിളിക്കാതെ സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ പാര്‍ട്ടി നേതാക്കളെ മാത്രം സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുൻ ഖാർഗെ അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ചോദ്യം ചെയ്തിരുന്നു.
പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ വെള്ളിയാഴ്ച ആരംഭിച്ചപ്പോള്‍ തന്നെ നിര്‍ത്തിവെക്കുകയാണ് ഉണ്ടായത്. ശൈത്യകാല സമ്മേളനത്തിന്‍റെ ആദ്യദിവസം തന്നെ പന്ത്രണ്ട് പ്രതിപക്ഷ എംപിമാരെ സംസ്പെന്‍ഡ് ചെയ്തതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. വര്‍ഷകാല സമ്മേളനത്തിന്‍റെ അവസാന ഘട്ടത്തില്‍ ജനറല്‍ ഇന്‍ഷൂറന്‍സ് ഭേദഗതി ബില്‍ പാസാക്കുന്ന അവസരത്തില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രതിഷേധം നടത്തിയെന്നാരോപിച്ചാണ് 12 എംപിമാരെ സസ്പെന്‍ഡ് ചെയ്തത്.
സസ്പെന്‍ഡ് ചെയ്യപ്പെട്ട് 12 എംപിമാരില്‍ ആറ് പേര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുള്ളവരാണ്. രണ്ട് എംപിമാര്‍ വീതം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ശിവസേനയില്‍ നിന്നും ഉള്ളവരാണ്. സിപിഎം എംപി ഇളമരം കരീം, സിപിഐ എംപി ബിനോയി വിശ്വം എന്നിവരും സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരില്‍ ഉള്‍പ്പെടുന്നു.