ന്യൂഡല്‍ഹി : പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ഈ ആഴ്‌ച അവസാനിക്കാനിരിക്കെ, ഇരു സഭകളുടേയും പ്രതിപക്ഷ കക്ഷി നേതാക്കള്‍ ഇന്ന് കൂടിക്കാഴ്‌ച നടത്തും. രാജ്യസഭ പ്രതിപക്ഷ നേതാവിന്‍റെ ചേംബറില്‍ രാവിലെയാണ് യോഗം.
പെഗാസസ്, കാര്‍ഷിക നിയമങ്ങള്‍, കൊവിഡ് പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രത്തിനെതിരെ പൊതു നയം രൂപീകരിക്കും. വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ 14 നേതാക്കള്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്‌ച നടത്തിയിരുന്നു.
പ്രക്ഷുബ്‌ധമായി പാര്‍ലമെന്‍റ്
വര്‍ഷകാല സമ്മേളനം ജൂലൈ 19 ന് ആരംഭിച്ചത് മുതല്‍ പാര്‍ലമെന്‍റ് പ്രക്ഷുബ്‌ധമാണ്. പെഗാസസ്, കാര്‍ഷിക നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരു സഭകളിലും പ്രതിഷേധം തുടരുകയാണ്. പെഗാസസ് വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം നല്‍കണമെന്നാണ് പ്രതിപക്ഷ ആവശ്യം.
കഴിഞ്ഞ ദിവസവും നാടകീയ രംഗങ്ങള്‍ക്കാണ് രാജ്യസഭ വേദിയായത്. പെഗാസസ്, കാർഷിക നിയമങ്ങൾ, കൊവിഡ് പ്രതിസന്ധി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സഭയില്‍ രംഗം വഷളായത്. ഡസ്‌കില്‍ കയറിയ കോൺഗ്രസ് എംപി പ്രതാപ് സിങ് ബജ്‌വ റൂള്‍ പുസ്‌തകം ചെയറിന് നേരെ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചിരുന്നു.
ആം ആദ്‌മി എം.പി സഞ്ജയ് സിങ് റിപ്പോർട്ടർമാരുടെ മേശപ്പുറത്ത് കയറി മുദ്രാവാക്യങ്ങൾ ഉയർത്തിയതോടെ പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി. തുടര്‍ന്ന് കൂട്ടമായി മുദ്രാവാക്യങ്ങൾ മുഴക്കി.
തുടര്‍ന്ന് രാജ്യസഭ ഉപാധ്യക്ഷൻ ഭുവനേശ്വർ കലിത സഭ 15 മിനിട്ട് നേരത്തേക്ക് നിർത്തിവച്ചു. ഉച്ചയ്ക്ക് 2.33 ന് സഭാനടപടികൾ പുനരാരംഭിച്ചെങ്കിലും പിന്നീട് 3:03 വരെ നിർത്തിവച്ചു.
അതേസമയം, ഒബിസി സംവരണ ഭരണഘടന ഭേദഗതി ബില്‍ 2021 (നൂറ്റിയിരുപത്തിയേഴാം ഭേദഗതി),പാസാക്കുന്നതിൽ സർക്കാരിനോട് ഐക്യപ്പെട്ട പ്രതിപക്ഷം, അത് പാസാക്കാൻ പ്രതിഷേധം നിർത്തിവച്ചിരുന്നു.
Also read: 'വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം'; രാജ്യസഭ സ്‌പീക്കര്‍ക്കു നേരെ ബുക്കെറിഞ്ഞ് പ്രതിഷേധം