ബെംഗളൂരു : പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാംഘട്ട യോഗത്തില്‍ മഹാസഖ്യത്തിന് ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ് (INDIA) എന്ന പേര് തെരഞ്ഞെടുത്തത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. സുപ്രധാന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുമ്പോഴാണ് പ്രതിപക്ഷ നിരയിലെ മുന്‍നിര നേതാക്കള്‍ സഖ്യത്തിന് ഇന്ത്യ എന്ന പേര് തീരുമാനിച്ചതായി രാജ്യത്തെ അറിയിച്ചത്. ചര്‍ച്ചയില്‍ ഏകകണ്‌ഠമായി ഉരുത്തിരിഞ്ഞതാണ് ഈ പേര് എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകളെങ്കിലും ജനങ്ങള്‍ തിരഞ്ഞത് ആ പേര് നിര്‍ദേശിച്ച ആളെ തന്നെയായിരുന്നു. നിലവില്‍ അതിനുള്ള ഉത്തരവും ലഭിച്ചിരിക്കുകയാണ്.
'ഇന്ത്യ'യെ കണ്ടെത്തല്‍: തെരഞ്ഞെടുപ്പ് തന്ത്രങ്ങളും മറ്റുമായി സുപ്രധാനമായ ആറ് കാര്യങ്ങള്‍ക്ക് തീരുമാനം കാണുന്നതിനായിരുന്നു ബെംഗളൂരുവില്‍ പ്രതിപക്ഷ നിരയുടെ രണ്ടാംഘട്ട യോഗം നടന്നത്. ഇതില്‍ തന്നെ സഖ്യത്തിന് പേരിടുക എന്നതും പൊതുമിനിമം പരിപാടി രൂപീകരിക്കുന്നതിന് ഉപസമിതി രൂപീകരിക്കുക എന്നതായിരുന്നു പ്രധാനമായും ശ്രദ്ധിച്ചിരുന്നത്. ഇതിന്‍റെ ഭാഗമായി മഹാസഖ്യത്തിന് യുപിഎ എന്ന പേര് തന്നെയായിരുന്നു ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിനൊപ്പം യുപിഎയില്‍ ഒന്നിക്കാത്ത പാര്‍ട്ടികളും ഉള്ളതിനാല്‍ ഈ പേര് സ്വീകാര്യമല്ലെന്ന് പട്‌നയില്‍ നടന്ന ആദ്യ യോഗത്തില്‍ സഖ്യ കക്ഷികള്‍ അറിയിച്ചിരുന്നു. ഇതോടെ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നാല് പേരുകള്‍ തയ്യാറാക്കി മുന്‍ അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി.
തുടര്‍ന്ന് ചൊവ്വാഴ്‌ച ബെംഗളൂരുവിലെ താജ് വെസ്‌റ്റ് എൻഡ് ഹോട്ടലിൽ നടന്ന മഹാസഖ്യ യോഗത്തിൽ, പങ്കെടുത്ത എല്ലാ സഖ്യകക്ഷികൾക്കും മുന്നിൽ വച്ച് സോണിയ ഗാന്ധി ഈ നാല് പേരുകൾ വായിച്ച് നിര്‍ദേശങ്ങള്‍ ക്ഷണിച്ചു. ഇതിന്‍റെ ഭാഗമായുള്ള ചര്‍ച്ചയില്‍ 26 പാർട്ടികളുടെ നേതാക്കളും 'ഇന്ത്യ' എന്ന പേരായിരിക്കും ഉചിതമെന്ന് സമ്മതിക്കുകയായിരുന്നു. ഇതോടെ യോഗത്തില്‍ മഹാസഖ്യത്തിന് ഇന്ത്യ എന്ന പേര് തീരുമാനിക്കുകയായിരുന്നു.
ഏറ്റെടുത്ത് പ്രവര്‍ത്തകരും നേതാക്കളും : പ്രതിപക്ഷ മഹാസഖ്യത്തിന് ഇന്ത്യ എന്നാണ് പേരിട്ടതെന്ന വാര്‍ത്ത പുറത്തുവന്നതോടെ അണികളും അനുഭാവികളും ഉള്‍പ്പടെ എല്ലാവരും ആഹ്ളാദത്തിലുമായി. പേരില്‍ പോലും രാജ്യത്തെ പരിഗണിച്ച പ്രതിപക്ഷ വീക്ഷണത്തിന് കൈയ്യടികളും വര്‍ധിച്ചു. മഹാസഖ്യത്തിന് ഇന്ത്യ എന്ന പേരാണ് പരിഗണിക്കുന്നത് എന്നറിഞ്ഞതോടെ തന്നെ കോണ്‍ഗ്രസ് ലോക്‌സഭ എംപി മാണിക്കം ടാഗോര്‍ അഭിവാദ്യമര്‍പ്പിച്ച് ട്വിറ്ററിലെത്തിയിരുന്നു. 'ഇന്ത്യ' വിജയിക്കുമെന്നായിരുന്നു മാണിക്കം ടാഗോറിന്‍റെ ട്വീറ്റ്. ഒട്ടും വൈകാതെ ചക് ദേ ഇന്ത്യ (ഇന്ത്യ മുന്നോട്ട്) എന്നറിയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനും ട്വിറ്ററിലെത്തി.
അതേസമയം ചൊവ്വാഴ്‌ച പ്രതിപക്ഷ യോഗത്തില്‍ പ്രതിപക്ഷ സഖ്യങ്ങൾ തമ്മിലുള്ള സീറ്റ് വിഭജനം സംബന്ധിച്ചും ഗൗരവമായ ചർച്ച നടന്നിരുന്നു. അതത് സംസ്ഥാനങ്ങളില്‍ ശക്തമായ പാര്‍ട്ടിക്ക് കൂടുതൽ അംഗീകാരം ലഭിക്കുമെന്ന സമവാക്യം തന്നെയായിരുന്നു ഇവിടെയും ചര്‍ച്ചയായത്. ഇതിന് പിന്നാലെ നേതാക്കൾ അവരുടെ സംസ്ഥാനങ്ങളിലെ രാഷ്‌ട്രീയ സാഹചര്യവും വിശദീകരിച്ചു. ഇതുകൂടാതെ ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ പോലുള്ള പ്രധാന വിഷയങ്ങളിലും നേതാക്കള്‍ക്കിടയില്‍ വിശദമായ ചർച്ച നടത്തിയിരുന്നു.