ന്യൂഡൽഹി: യുക്രൈനിൽ കുടുങ്ങിയ 219 ഇന്ത്യൻ പൗരന്മാരുമായി ഹംഗറിയിൽ നിന്നുള്ള പ്രത്യേക വിമാനം ഡൽഹിയിലെത്തി. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ബൂഡാപെസ്റ്റിൽ നിന്ന് പുറപ്പെട്ട ഇൻഡിഗോ വിമാനമാണ് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിലെത്തിയ വിദ്യാർഥികളെ ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണിക് സ്വീകരിച്ചു.
യുക്രൈൻ രക്ഷാദൗത്യത്തിൽ നമ്മൾ വിജയിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദേശപ്രകാരം വിന്യസിച്ച നാല് മന്ത്രിമാരും യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായുള്ള ശ്രമത്തിലാണെന്നും പ്രമാണിക് പറഞ്ഞു. വിദേശകാര്യ മന്ത്രാലയം സിവിൽ ഏവിയേഷൻ മന്ത്രാലയവുമായി ചേർന്നാണ് യുക്രൈൻ രക്ഷാദൗത്യം നടത്തുന്നത്. ഹർദീപ് സിങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, റിട്ടയേർഡ് ജനറൽ വികെ സിങ് എന്നീ മന്ത്രിമാരാണ് രക്ഷാദൗത്യത്തിന് മേൽനോട്ടം വഹിക്കുന്നത്.
അടുത്ത രണ്ട് ദിവസത്തിനുള്ളിൽ 7,400ലധികം ആളുകളെ യുക്രൈനിൽ നിന്ന് രാജ്യത്തെത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്‌ച 3,500 പേരെയും മാർച്ച് 5ന് 3,900 പേരെയും തിരികെ എത്തിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.