ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ 160 ഇന്ത്യക്കാരെ കൂടി രാജ്യത്തെത്തിച്ചു. ഇവരെയും വഹിച്ചുള്ള എയര്‍ഏഷ്യയുടെ പ്രത്യേക വിമാനം ഇന്ന്(7.03.2022) രാവിലെ 4.30ന് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിചേര്‍ന്നു. ഹംങ്കറിയിലെ ബുഡാപെസ്റ്റ് വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്.
രാജ്യത്ത് എത്തിച്ചേര്‍ന്നതില്‍ എല്ലാവരും ആശ്വാസം പ്രകടിപ്പിച്ചു. മൂന്ന് ദിവസത്തോളം യാത്ര ചെയ്തതാണ് ഇവരില്‍ പലരും യുക്രൈന്‍ അതിര്‍ത്തിയില്‍ എത്തിചേര്‍ന്നത്. യുക്രൈന്‍ അതിര്‍ത്തി കടന്നതിന് ശേഷം ഇന്ത്യന്‍ എംബസി അധികൃതര്‍ എല്ലാ സൗകര്യവും ഒരുക്കിയെന്ന് തിരിച്ചെത്തിയവര്‍ പറഞ്ഞു. അതേസമയം യുക്രൈനിലെ സുമിയല്‍ കുടുങ്ങികിടക്കുന്നവര്‍ക്ക് വേണ്ടിയുള്ള രക്ഷദൗത്യം ഇന്ത്യന്‍ അധികൃതര്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഏതാനും മണിക്കൂറുകള്‍ കൂടി പിടിച്ച് നില്‍ക്കാനാണ് കീവിലെ ഇന്ത്യന്‍ എംബസി ഇവരോട് ആവശ്യപ്പെടുന്നത്.
ഖാര്‍ക്കീവിലും സുമിയിലുമൊഴിച്ച് യുക്രൈനിലെ മറ്റ് പ്രദേശങ്ങളിലുണ്ടായിരുന്ന എകദേശം എല്ലാ ഇന്ത്യാക്കാരെയും ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി രാജ്യത്ത് തിരിച്ചെത്തിച്ചിട്ടുണ്ട്. ഷെല്ലിങ്, ഗതാഗത സൗകര്യം വിഛേദിക്കപ്പെട്ടത് തുടങ്ങിയ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ഭക്ഷണവും വെള്ളവും കഴിയാവുന്നത്ര കുടുങ്ങികിടക്കുന്നവര്‍ക്കായി എത്തിക്കുന്നുണ്ടെന്ന് യുക്രൈനിലെ ഇന്ത്യന്‍ എംബസി പറഞ്ഞു.
കഴിഞ്ഞ മാസം ഫെബ്രുവരി 24നാണ് റഷ്യ യുക്രൈനില്‍ ആക്രമണം ആരംഭിച്ചത്. കിഴക്കന്‍ യുക്രൈനിലെ റഷ്യന്‍ അനുകൂല വിമതരുടെ നിയന്ത്രണത്തിലുള്ള ലുഹാന്‍സ്‌കിനേയും ഡൊണെസ്കിനേയും സ്വതന്ത്രരാജ്യങ്ങളായി റഷ്യ അംഗീകരിച്ച് മൂന്ന് ദിസവങ്ങള്‍ക്ക് ശേഷമാണ് അവര്‍ ആക്രമണം തുടങ്ങിയത്.
ALSO READ: റഷ്യ - യുക്രൈന്‍ യുദ്ധം : മധ്യസ്ഥ ചര്‍ച്ചയുമായി ഇസ്രയേല്‍, പുടിനെ കണ്ട് ബെന്നറ്റ്