ബെംഗളൂരു: കർണാടകയിൽ ഓൺലൈൻ മദ്യവിൽപ്പനക്കെതിരെ പ്രതിഷേധം. ശിവമോഗയിലെ മദ്യ, വൈൻ വ്യാപാരികളുടെ യൂണിയനാണ് ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിന് പുറത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. പ്രായപൂർത്തി ആകാത്തവരിലേക്കും മദ്യം എളുപ്പത്തിൽ എത്തും എന്ന കാരണം മുൻനിർത്തിയാണ് തങ്ങൾ പ്രതിഷധിക്കുന്നതെന്ന് യൂണിയന്‍റെ ട്രഷറർ ചന്ദ്രശേഖർ പറഞ്ഞു.
എല്ലാ മാർഗനിർദ്ദേശങ്ങളും കാറ്റിൽ പറത്തിക്കൊണ്ടാണ് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ ലൈസൻസ് അനുവദിക്കുന്നതെന്നും ക്രമക്കേടുകൾ അന്വേഷിക്കാൻ സർക്കാരിനോട് ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മദ്യവിൽപ്പന ശാലകൾ നേരിടുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം കൊവിഡ് പ്രതിസന്ധി നേരിടുമ്പോളും സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ ഒരു നീക്കം ഉണ്ടായത് തങ്ങളുടെ ലാഭവിഹിതം 20 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറക്കുമെന്നും ഇത് ബിസിനസ് സുഗമമായി കൈകാര്യം ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലേക്ക് എത്തിക്കുമെന്നും വ്യക്തമാക്കി.
മൈസൂർ സെയിൽസ് ഇന്‍റർനാഷണൽ ലിമിറ്റഡ് (എംഎസ്‌ഐഎൽ) മദ്യവിൽപ്പന ശാലകളും സിഎൽ 7 ലൈസൻസുകളും അനുവദിക്കുന്നതിൽ വകുപ്പിൽ ധാരാളം അഴിമതികളുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മാത്രം നൽകുന്ന ലൈസൻസായ സിഎൽ 7 ഉദ്യോഗസ്ഥർ പണം വാങ്ങി മറ്റിടങ്ങളിൽ നൽകുന്നുണ്ടെന്നും എംഎസ്‌ഐഎൽ പല ഇടങ്ങളിലും അനധികൃതമായി അനുവദിക്കുന്നുണ്ടെന്നും ഇതിന്‍റെ ഒക്കെ പിന്നിൽ ചില രാഷ്ട്രീയക്കാരാണെന്നും ചന്ദ്രശേഖർ ആരോപിച്ചു.