ഗാന്ധിനഗർ: ഗുജറാത്തിൽ വിവാഹ ചടങ്ങുകൾ നടത്താൻ ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കി സർക്കാർ. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഗുജറാത്ത് ആഭ്യന്തര വകുപ്പിന്‍റെ പ്രസ്താവന പ്രകാരം 100 ൽ കൂടുതൽ ആളുകളെ വിവാഹത്തിൽ അനുവദിക്കില്ല. സംസ്ഥാന സർക്കാരിന്‍റെ വെബ്‌സൈറ്റായ www.digitalgujarat.gov.in ൽ വിവാഹത്തിനുളള അനുമതി തേടാം. വിവാഹസമയത്ത് പൊലീസോ പ്രാദേശിക ഭരണകൂടമോ ആവശ്യപെട്ടാൽ രജിസ്ട്രേഷന്‍റെ തെളിവ് ഹാജരാക്കണം.
സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്ത് നിലവിൽ 13,627 കൊവിഡ് രോഗികളുണ്ട്. കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് 4145 പേർ മരണപെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13 പേരാണ് രോഗം ബാധിച്ച് സംസ്ഥാനത്ത് മരണപെട്ടത്. സംസ്ഥാനത്ത് ഇതുവരെ 2,07,370 പേർക്ക് കൊവിഡ് ബാധിച്ചു. സംസ്ഥാനത്ത് ഇതുവരെ 85,27,111 സാമ്പിളുകൾ പരിശോധിച്ചു.