മുംബൈ : ഉള്ളിയ്‌ക്ക് (Onions) 40 ശതമാനം കയറ്റുമതി തീരുവ (export duty) ചുമത്താനുള്ള തീരുമാനത്തിൽ ഉറച്ച് കേന്ദ്ര സർക്കാർ (Central Government). മൂന്നോ നാലോ മാസത്തേക്ക് ഉള്ളിയുള്ള ഭക്ഷണം കഴിച്ചില്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്നാണ് സംഭവത്തിൽ മഹാരാഷ്‌ട്ര മന്ത്രി ദാദാ ഭൂസെയുടെ (Maharashtra minister Dada Bhuse) അവകാശവാദം. 40 ശതമാനം കയറ്റുമതി തീരുവ ചുമത്താനുള്ള കേന്ദ്രസർക്കാരിന്‍റെ തീരുമാനത്തിൽ കർഷകരുടെയും വ്യാപാരികളുടെയും പ്രതിഷേധത്തിനിടെയാണ് ദാദാ ഭൂസെയുടെ പരിഹാസ പ്രസ്‌താവന.
വിലക്കയറ്റം തടയാനും ആഭ്യന്തര വിപണിയിലെ ലഭ്യത മെച്ചപ്പെടുത്തുന്നതിനുമായാണ് കേന്ദ്ര സർക്കാർ ഉള്ളിയുടെ കയറ്റുമതി തീരുവ 40 ശതമാനം വർധിപ്പിച്ചത്. ഓഗസ്‌റ്റ് 19നായിരുന്നു തീരുമാനം. ഡിസംബർ 31 വരെ ഇത് തുടരാനാണ് ധനകാര്യ വകുപ്പ് വിജ്ഞാപനം ഇറക്കിയത്. ഈ അവസരത്തിലാണ് ഉള്ളി വാങ്ങാൻ കഴിവില്ലാത്തവർ കുറച്ച് മാസത്തേക്ക് ഉള്ളി കഴിച്ചില്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്ന് പ്രതിഷേധക്കാരെ പരിഹസിച്ച് മന്ത്രി പറഞ്ഞത്.
അതേസമയം, കയറ്റുമതി തീരുവ ചുമത്താനുള്ള തീരുമാനം ഏകോപനത്തോടെ എടുക്കേണ്ടതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ഉള്ളിയുടെ ഏറ്റവും വലിയ മൊത്ത വിപണിയായ ലാസൽഗോൺ (Lasalgaon) ഉൾപ്പെടെ നാസിക്കിലെ എല്ലാ അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റികളിലും (Agriculture Produce Market Committees) ഉള്ളിയുടെ ലേലം (onion auctions) അനിശ്ചിത കാലത്തേക്ക് അവസാനിപ്പിക്കുന്നതായി വ്യാപാരികൾ നേരത്തെ അറിയിച്ചിരുന്നു. കേന്ദ്രം തീരുമാനം പിൻവലിക്കുന്നത് വരെ ലേലത്തിൽ പങ്കെടുക്കരുതെന്ന് നാസിക് ജില്ല ഉള്ളി ട്രേഡേഴ്‌സ് അസോസിയേഷൻ ആഹ്വാനം ചെയ്‌തതായും റിപ്പോർട്ടുണ്ട്. നിലവിൽ കയറ്റുമതി തീരുവ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകരും വ്യാപാരികളും പ്രതിഷേധം കടുപ്പിക്കുകയാണ്.
രണ്ട് ലക്ഷം മെട്രിക് ടൺ ഉള്ളി വാങ്ങാൻ കേന്ദ്ര സർക്കാർ : അതേസമയം, പ്രതിഷേധക്കാർക്ക് ആശ്വസമായി ക്വിന്‍റലിന് 2,410 രൂപ നിരക്കിൽ രണ്ട് ലക്ഷം മെട്രിക് ടൺ ഉള്ളി (2 lakh metric tonnes onion) വാങ്ങാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് (Maharashtra Deputy Chief Minister Devendra Fadnavis) കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്‍റെ ഭാഗമായി നാസിക്കിലും അഹമ്മദാബാദിലും പ്രത്യേക സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഉള്ളിവില ഉയർന്ന സാഹചര്യത്തിൽ പൊതുജനം നേരിടുന്ന പ്രശ്‌നം പരിഗണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായും (Union Commerce Minister Piyush Goyal) താൻ ചർച്ച നടത്തിയതായും തുടർന്ന് ഉള്ളി സംഭരിക്കാൻ തീരുമാനിച്ചതായും മന്ത്രി എക്‌സ് (Twitter) ലാണ് കുറിച്ചത്.