ഗുവഹത്തി: അസമിൽ ഒഎൻജിസി ഉദ്യോഗസ്ഥരെ ഉൽഫ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. ടിൻസുകിയ ജില്ലയിലെ കോൺസ്റ്റബിൾ ബസന്ത ബുറാഗോഹെയ്‌യാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ മൂന്ന് പേർ പിടിയിലായി. കേസുമായി ബന്ധമുള്ള മറ്റു രണ്ട് പേർ ഒളിവിലാണ്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് ഡിജിപി ഭാസ്‌കർ ജ്യോതി മഹന്ത പറഞ്ഞു.
ഏപ്രിൽ 21നാണ് കിഴക്കൻ അസമിലെ സിബ്സാഗർ ജില്ലയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്‍റെ മൂന്ന് ഉദ്യോഗസ്ഥരെ ഉൽഫ(ഐ) തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. ആംബുലൻസിലാണ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ട് പോയത്. പിന്നീട് വാഹനം അസം-നാഗാലാൻഡ് അതിർത്തിയോട് ചേർന്ന നിമോനഗഡ് കാടുകൾക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
മോഹിനി മോഹൻ ഗോഗോയ് (35), റിതുൽ സയ്‌കിയ (33), അലകേഷ് സയ്‌കിയ (28) എന്നിവരെയാണ് സംഘം തട്ടിക്കൊണ്ട് പോയത്. വെള്ളിയാഴ്ച രാത്രി കരസേനയും അസം റൈഫിൾസ് സൈനികരും ചേർന്ന് മോഹിനി മോഹൻ ഗോഗോയ്, അലകേഷ് സയ്‌കിയ എന്നിവരെ തീവ്രവാദികളുടെ പിടിയിൽ നിന്നും മോചിപ്പിച്ചു. റിതുൽ സയ്‌കിയയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നും ഡിജിപി വ്യക്തമാക്കി.