ബെംഗളൂരു: ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്‌തിട്ട് ഇന്ന് ഒരു വര്‍ഷം. കര്‍ണാടകയിലെ കലബുര്‍ഗിയിലാണ് കൊവിഡ് ബാധിച്ച് രാജ്യത്തെ ആദ്യ മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 29ന് സൗദിയില്‍ നിന്നും സ്വദേശത്തേക്ക് മടങ്ങി ഹുസൈന്‍ സിദ്ദിഖി (76) എന്ന വയോധികനാണ് കൊവിഡിന് ആദ്യമായി കീഴടങ്ങിയത്. കലബുര്‍ഗിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സ തേടിയത്. ചുമ, ജലദോഷം, ശ്വാസം മുട്ടല്‍ എന്നീ കൊവിഡ് പ്രാരംഭ ലക്ഷണങ്ങളെത്തുടര്‍ന്നാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. ഒരു ദിവസത്തെ ഐസൊലേഷന് ശേഷം മാര്‍ച്ച് 9ന് ഹൈദരാബാദില്‍ ചികിത്സയ്‌ക്കായി പോവുകയും ചെയ്‌തു. ഹൈദരാബാദിലെ ആശുപത്രിയില്‍ നിന്നും മടങ്ങവെ മാര്‍ച്ച് 10ന് കൊവിഡ് മൂലം ഹുസൈന്‍ സിദ്ദിഖി മരിക്കുകയായിരുന്നു.
അദ്ദേഹത്തിന്‍റെ മരണ ശേഷം സ്വദേശം കണ്ടെയ്‌ന്‍മെന്‍റ് സോണായി പ്രഖ്യാപിക്കുകയും നഗരത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും ചെയ്‌തു. ആളുകള്‍ കൂട്ടം കൂടുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്‌തു. കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി ഗുല്‍ബര്‍ഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഇഎസ്‌ഐസി ആശുപത്രികള്‍, ചില സ്വകാര്യ ആശുപത്രികള്‍ എന്നിവയെ കൊവിഡ് ആശുപത്രികളായി പ്രഖ്യാപിക്കുകയും ചെയ്‌തു. പിന്നീടങ്ങോട്ട് കര്‍ണാടകയിലും രാജ്യത്തങ്ങോളമിങ്ങോളം കൊവിഡ് കേസുകള്‍ വ്യാപിക്കുകയായിരുന്നു.
കല്‍ബുര്‍ഗി ജില്ലയില്‍ മാത്രം 2020 മാര്‍ച്ച് 10 മുതല്‍ 2021 മാർച്ച് 8 വരെ 330 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 22,183 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്‌തു. ജില്ലയില്‍ മാത്രം 3067 കണ്ടെയ്‌ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിക്കേണ്ടി വന്നു. കര്‍ണാടകയില്‍ ഇതുവരെ 9,72,199 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4,12,266 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. 2334 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്. 8512 പേരാണ് കൊവിഡ് മൂലം ഒരു വര്‍ഷത്തിനിടെ കര്‍ണാടകയില്‍ മരിച്ചത്.