ഗുവാഹത്തി: അസമിലെ ജോറത്തില്‍ വിദ്യാര്‍ഥി നേതാവിനെ ആള്‍ക്കൂട്ടം അടിച്ചു കൊന്നു. തിങ്കളാഴ്‌ച ജോറത്തിലെ ട്രക്ക് സ്റ്റാന്‍റിന് സമീപമാണ് സംഭവം. വാഹനാപകടം ഉണ്ടാക്കിയെന്ന് ആരോപിച്ച് അമ്പതോളം പേര്‍ ചേര്‍ന്ന് വിദ്യാര്‍ഥിയെ മര്‍ദിക്കുകയായിരുന്നു. ഓള്‍ അസം സ്റ്റുഡന്‍റ്സ് യൂണിയന്‍ (എഎസ്‌യു) അംഗം അനിമേഷ് ഭുയാനാണ് കൊല്ലപ്പെട്ടത്.
അപകടത്തില്‍ പരിക്കേറ്റവരെ സഹായിക്കാനെത്തിയ ഭുയാനേയും ഒപ്പമുണ്ടായിരുന്ന രണ്ട് പേരെയും അപകടത്തിന് കാരണക്കാരെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം വളയുകയും ഭുയാനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ഭുയാനെ ജോറത്തിലെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മൂന്ന് പേരെ പിടികൂടിയെന്നും മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ജോറത്ത് പൊലീസ് സൂപ്രണ്ട് അങ്കുര്‍ ജെയ്‌ന്‍ പറഞ്ഞു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി ഓള്‍ അസം സ്റ്റുഡന്‍റ്സ് യൂണിയന്‍ രംഗത്തെത്തി. 24 മണിക്കൂറിനുള്ളില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്‌തില്ലെങ്കില്‍ ടൗണ്‍ പൂര്‍ണമായും അടച്ചിടുമെന്ന് വിദ്യാര്‍ഥി സംഘടന താക്കീത് നല്‍കി. സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി പ്രദേശവാസികളും രംഗത്തെത്തി. ഇത്തരമൊരു സംഭവം തടയുന്നതില്‍ പൊലീസ് സംവിധാനം പരാജയപ്പെട്ടുവെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.