ശ്രീനഗർ: 24 മണിക്കൂറായി നിർത്താതെ പെയ്യുന്ന മഴയുടെ സാഹചര്യത്തിൽ ജമ്മു കശ്‌മീരിൽ വെള്ളപ്പൊക്ക മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എന്നാൽ ഇന്ന് മുതൽ കാലാവസ്ഥയിൽ പുരോഗതി പ്രതീക്ഷിക്കുന്നതായും അടുത്ത എഴ് ദിവസങ്ങളിൽ ജമ്മു കശ്‌മീരിൽ വലിയ മഴയ്‌ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
14 പേർ കുടുങ്ങിക്കിടക്കുന്നു: തെക്കൻ കശ്‌മീരിലെ താർസർ മാര്‍സർ മേഖലയിൽ ട്രക്കിങിനായി പോയ സംഘത്തിലെ ടൂറിസ്റ്റ് ഗൈഡ് മരിക്കുകയും 14 വിനോദ സഞ്ചാരികളെ കാണാതാവുകയും ചെയ്‌തു. താർസർ മാര്‍സർ തടാകത്തിന് സമീപമാണ് സംഘം കുടുങ്ങിയതെന്നാണ് സൂചന. ജില്ലാ ഭരണകൂടം സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ട്രക്കിങിലൂടെ മാത്രം എത്തിച്ചേരാവുന്ന രണ്ട് തടാകങ്ങളാണ് താർസറും മാര്‍സറും. ത്രാൽ, പഹൽഗാം, ശ്രീനഗർ എന്നിവയ്‌ക്കിടയിലുള്ള തെക്കൻ കശ്‌മീർ പ്രദേശത്തിന്‍റെ മുകൾ ഭാഗത്താണ് ഇവ സ്ഥിതി ചെയ്യുന്നത്. അമർനാഥ് ഗുഹ സ്ഥിതി ചെയ്യുന്ന സാൻമെ റൂട്ടിലാണ് ഈ പ്രദേശം. 1990-കളുടെ മധ്യത്തിൽ അൽ ഫറാൻ എന്ന സംഘടനയുടെ തീവ്രവാദികൾ ഇതേ പ്രദേശത്ത് നിന്ന് അഞ്ച് വിദേശ വിനോദ സഞ്ചാരികളെ തട്ടിക്കൊണ്ടുപോയിരുന്നു.
വെള്ളപ്പൊക്ക ഭീഷണി: കനത്ത മഴയെ തുടർന്ന് അനന്ത്‌നാഗ് ജില്ലയിലെ സംഗമത്തിൽ ജലനിരപ്പ് 18 അടി കവിഞ്ഞിരുന്നു. ഇതിനെ തുടർന്ന് തെക്കൻ, മധ്യ കശ്‌മീരിലെ ഝലം നദിയുടെ പരിസരത്തുള്ളവർക്ക് ജലസേചന വകുപ്പ് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ ശ്രീനഗറിലെ താഴ്‌ന്ന ജില്ലകൾ വെള്ളപ്പൊക്ക ഭീതിയിലും ഉയരത്തിലുള്ള പ്രദേശങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിലുമാണ്.
കനത്ത മഴയെ തുടർന്ന് ഡോഡ, കിഷ്‌ത്വാർ, റംബാൻ ജില്ലകളിലെ സ്‌കൂളുകൾ അടച്ചുപൂട്ടിയിരുന്നു. ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ബുദ്‌ഗാം ജില്ലയിൽ മേഘ വിസ്‌ഫോടനത്തെ തുടർന്ന് 52 ആടുകളും, എട്ട് കുതിരകളും, അഞ്ച് പശുക്കളും മരിച്ചു.