കൊൽക്കത്ത: സംസ്ഥാനത്ത് ഒരു കോടി ജനങ്ങളെ യാസ് ചുഴലിക്കാറ്റ് ബാധിച്ചതായി മുഖ്യമന്ത്രി മമത ബാനർജി. മത്സ്യബന്ധനത്തിന് പോയ ഒരാൾ മരിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. യാസ് ചുഴലിക്കാറ്റിൽ കൂടുതൽ പേർ ദുരിതബാധിതരായ സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. ഒരു കോടി ആളുകളെയാണ് ചുഴലിക്കാറ്റ് ബാധിച്ചതെന്നും മൂന്ന് ലക്ഷം വീടുകൾ നശിച്ചുവെന്നും മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സന്തേശ്‌കാലി, ഹിന്ദോൾഗഞ്ച്, ഹശ്‌നബാദ്, ഹൗര, നാംഖാന, ഗോസാബ, ഫ്രേസർഗഞ്ച്, കുൽടി, ബസന്തി എന്നീ പ്രദേശങ്ങളിൽ നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്‌തു. കൂടാതെ ദിഘ, താജ്പൂർ, ശങ്കർപൂർ, രാംനഗർ, കോണ്ടായ്, നന്ദിഗ്രാം, കൊളഗട്ട്, ഉലുബീരിയ എന്നീ പ്രദേശങ്ങളിൽ കനത്ത നാശനഷ്‌ടങ്ങൾ സംഭവിച്ചതായി മമത ബാനർജി പറഞ്ഞു. ചുഴലിക്കാറ്റിന് മുന്നോടിയായി 15 ലക്ഷം പേരെയാണ് മുൻകരുതൽ നടപടിയായി സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറ്റിപാർപ്പിച്ചത്.
Read more: യാസ് ചുഴലിക്കാറ്റ്: ഒഡീഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ മഴയ്ക്ക് സാധ്യത
നാശനഷ്‌ടങ്ങളുടെ യഥാർഥ കണക്ക് ലഭിക്കാനായി സർവെകൾ നടത്തുമെന്നും ജില്ല മജിസ്‌ട്രേറ്റ് റിപ്പോർട്ട് സമർപ്പിക്കുമെന്നും 72 മണിക്കൂറിനുള്ളിൽ കൃത്യമായ കണക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നബാധിത പ്രദേശങ്ങളിൽ മുഖ്യമന്ത്രി നാളെ ഏരിയൽ സർവെ നടത്തും.
പൂർബ മെദിനിപൂർ, സൗത്ത് ആന്‍റ് നോർത്ത് പർഗാനസ്, സുന്ദർബൻസ് പ്രദേശങ്ങളിലാണ് മുഖ്യമന്ത്രി ഏരിയൽ സർവെ നടത്തുക. സംസ്ഥാനത്ത് 14,000 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഈ ക്യാമ്പുകളിലേക്ക് പത്ത് ലക്ഷത്തോളം വസ്‌ത്രങ്ങൾ, ഭക്ഷണ സാധനങ്ങൾ തുടങ്ങിയവ അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.