ഗുവാഹത്തി: ആഗോള തലത്തിലെ ചൈനയുടെ അധികാരമോഹങ്ങൾ കാരണം ദക്ഷിണേഷ്യയുടെ സ്ഥിരതയ്ക്ക് സർവ്വവ്യാപിയായ അപകടമുണ്ടെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്.
ആഗോള ശക്തിയെന്ന നിലയിൽ ചൈന രാജ്യത്തിന്‍റെ സ്ഥാനം ഉറപ്പിക്കാനായി ദക്ഷിണേഷ്യയിലും ഇന്ത്യൻ മഹാസമുദ്ര മേഖലയിലും വലിയ രീതിയിലുള്ള കടന്നുകയറ്റം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. മ്യാൻമാറുമായും പാകിസ്ഥാനുമായും ചൈനയ്ക്കുള്ള ഇടപാടുകളും ബംഗ്ലാദേശിലേക്കുള്ള കടന്നുകയറ്റവും ഇന്ത്യയുടെ താൽപര്യങ്ങൾക്ക് അനുസരിച്ചുള്ളതല്ല എന്നും ബിപിൻ റാവത്ത് പറഞ്ഞു.
പാകിസ്ഥാൻ ഭരണകൂടത്തിന്‍റെയും പുറത്തുനിന്നുള്ളവരുടെയും പിന്തുണയോടെ നടക്കുന്ന ഭീകരവാദ പ്രവർത്തനങ്ങളാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാന പ്രക്രിയയിൽ ഒരു തടസമെന്ന് റാവത്ത് പറഞ്ഞു. പാകിസ്ഥാനുമായുള്ള ചൈനയുടെ കൂട്ടുകെട്ടും ജമ്മു കശ്മീർ വിഷയത്തിൽ ചൈനയുടെ നിലപാടും ഇന്ത്യാ വിരുദ്ധ അവിശുദ്ധ കൂട്ടുകെട്ടായി വിശേഷിപ്പിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.