ഹൊദരാബാദ്: തെലങ്കാനയിൽ രണ്ട് പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. കെനിയയിൽ നിന്ന് വന്ന 24കാരിയായ സ്ത്രീയ്ക്കും സൊമാലിയയിൽ നിന്നും വന്ന 23കാരനുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരും ഈ മാസം 12നാണ് സംസ്ഥാനത്ത് എത്തിയത്. 23കാരനായ യുവാവ് ഹൈദരാബാദിലെ ടോളിചൗക്കിയിലാണ് എത്തിയത്.
അതേസമയം തെലങ്കാനയിലെയും ഹൈദരാബാദിലെയും പ്രദേശവാസികളിലാർക്കും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടില്ല. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും തെലങ്കാന ഹെൽത്ത് ഡയറക്ടർ ശ്രീനിവാസ റാവു അറിയിച്ചു. സംസ്ഥാനത്തെ മെഡിക്കൽ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതീവ ജാഗ്രതയിലാണ് അധികൃതർ. ജനങ്ങളും അധികാരികളുമായി സഹകരിക്കണം.
ഒമിക്രോൺ ലക്ഷണങ്ങൾ പ്രകടമായില്ലെങ്കിലും അതിവേഗ വ്യാപനശേഷിയുള്ളതാണ് വൈറസ്. അതിനാൽ ജനങ്ങളെല്ലാവരും മാസ്‌ക് നിർബന്ധമായും ധരിക്കണം. വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ പോലും കൊവിഡിന് സ്വീകരിക്കുന്ന എല്ലാ മുൻകരുതലുകളും ഒമിക്രോൺ നിയന്ത്രണത്തിനും സ്വീകരിക്കണം. അതിലൂടെ വൈറസ് വ്യാപനത്തെ നിയന്ത്രിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും അത്തരത്തിൽ കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ 5,396 പേർ വിദേശത്ത് നിന്ന് സംസ്ഥാനത്തെത്തിയിട്ടുണ്ട്. രണ്ട് പേരിൽ കെനിയയിൽ നിന്ന് വന്ന സ്ത്രീയെ തെലങ്കാന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് (TIMS) പ്രവേശിപ്പിച്ചു. അതേസമയം സൊമാലിയയിൽ നിന്നുള്ള ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഹെൽത്ത് ഡയറക്ടർ അറിയിച്ചു.