പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം നടത്തിയേക്കും - Winter Session of Parliament
ശീതകാല സമ്മേളനം നടത്താൻ തയാറാണെന്നും തീയതി കാബിനറ്റ് കമ്മിറ്റി തീരുമാനിക്കുമെന്നും ലോക്‌സഭാ സ്‌പീക്കർ ഓം ബിർള അറിയിച്ചു.
ന്യൂഡൽഹി: ഡൽഹിയിൽ വർധിച്ച കൊവിഡ് സാഹചര്യങ്ങൾക്കിടയിൽ പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം നടത്തിയേക്കും. ലോക്‌സഭാ സെക്രട്ടേറിയറ്റ് സമ്മേളനം നടത്താൻ തയാറാണെന്നും തീയതി കാബിനറ്റ് കമ്മിറ്റി തീരുമാനിക്കുമെന്നും ലോക്‌സഭാ സ്‌പീക്കർ ഓം ബിർള അറിയിച്ചു. എല്ലാ മുൻകരുതലുകളും സ്വീകരിച്ചാണ് സമ്മേളനം നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ പ്രതിപക്ഷത്തോടും അഭിപ്രായം തേടും.
അതേസമയം നവംബർ 25 മുതൽ പ്രസിഡൻ്റ് റാം നാഥ് കോവിന്ദും വൈസ് പ്രസിഡൻ്റ് എം. വെങ്കയ്യ നായിഡുവും ചേർന്ന് ദ്വിദിന അഖിലേന്ത്യാ പ്രിസൈഡിങ് ഓഫിസർമാരുടെ യോഗം ചേരുമെന്ന് സ്‌പീക്കർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമ്മേളനത്തിൽ പങ്കെടുക്കും.
പാർലമെൻ്റ് അംഗങ്ങൾക്കായി 76 വസതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ബി.ഡി മാർഗിൽ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ അറിയിച്ചു. ഗംഗ, യമുന, സരസ്വതി എന്നീ നദികളുടെ പേരിലുള്ള മൂന്ന് ടവറുകളിലായി 188 കോടി രൂപ ചെലവിൽ 27 മാസത്തിനുള്ളിലാണ് വസതികൾ നിർമിച്ചത്.