ബെംഗളൂരു: പക്ഷാഘാതം വന്ന് തളർന്ന 102 വയസുകാരന് വീണ്ടും ജീവിതം തിരിച്ച് നൽകി സ്വകാര്യ ആശുപത്രി. ബെംഗളൂരുവിലെ ട്രസ്‌റ്റ് വെൽ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ദിവസം പക്ഷാഘാതം വന്ന് വലതുകൈ തളർന്ന രാമസ്വാമിയെ (102) സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു.
ഉടൻ തന്നെ ആശുപത്രി ജീവനക്കാർ അടിയന്തര ചികിത്സ നൽകുകയും ചെയ്‌തു. ഇതേ തുടർന്ന് അര മണിക്കൂറുകൊണ്ട് രോഗിയുടെ കൈ 50 ശതമാനത്തോളം ഉയർത്താൻ കഴിഞ്ഞു. പിന്നീട് ഒരു മണിക്കൂറിനുള്ളിൽ 90 ശതമാനത്തോളവും കൈ പ്രവർത്തിപ്പിക്കുകയും സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങി വരികയും ചെയ്‌തു.
എല്ലാ വർഷവും ഒക്‌ടോബർ 29ന് ലോക പക്ഷാഘാത ദിനമായി ആചരിക്കുന്നുണ്ട്. എല്ലാ വർഷവും പുതിയ പ്രമേയങ്ങൾ അവതരിപ്പിക്കുന്ന വേൾഡ് സ്‌ട്രോക്ക് ഓർഗനൈസേഷൻ (The World Stroke Organization) ഇത്തവണ 'വിലയേറിയ സമയം' എന്ന ആശയമാണ് മുന്നോട്ടുവച്ചത്. പക്ഷാഘാത ബാധിതർക്ക് വേഗത്തിൽ ശരിയായ ചികിത്സ നൽകിയാൽ അപകടത്തിൽ നിന്ന് രക്ഷിക്കാൻ കഴിയും എന്നതാണ് ഈ പ്രമേയത്തിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.