ഹൈദരാബാദ് : അമിതമായി പണം ഈടാക്കുകയും യാത്രക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്തു എന്ന കേസില്‍ ഒല ക്യാബ്സിന് 95,000 രൂപ പിഴയിട്ട് ഹൈദരാബാദിലെ ഉപഭോക്തൃ കോടതി. 4-5 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ 861 രൂപയാണ് ഡ്രൈവര്‍ ഈടാക്കിയത്. 200 രൂപയില്‍ താഴെ മാത്രമാണ് ഇത്രദൂരം സഞ്ചരിക്കാന്‍ വേണ്ടിയിരുന്നത്.
2021 ഒക്ടോബര്‍ 19നാണ് ഹൈദരാബാദ് സ്വദേശിയായ ജബീസ് സാമുവലും കുടുംബവും ഒല ക്യാബ്‌സ് ബുക്ക് ചെയ്യുന്നത്. ക്യാബില്‍ കയറിയെങ്കിലും വാഹനം വൃത്തിഹീനമായിരുന്നു. മാത്രമല്ല യാത്രക്കാരോട് ഡ്രൈവര്‍ മോശമായി സംസാരിക്കുകയും ചെയ്തു. എങ്കിലും കാറില്‍ കയറിയ കുടുംബം എസി ഇടാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ ഇതിന് വിസമ്മതിച്ചു.
ഇതിനിടെ 4-5 കിലോമീറ്റര്‍ യാത്ര അവസാനിച്ചതോടെ 861 രൂപ ബില്‍ ആവുകയും ചെയ്തു. ഒല മണി ക്യാഷ് ഉപയോഗിക്കുന്നതിനാല്‍ ഇത്രയും ഡ്രൈവര്‍ക്ക് അദ്ദേഹം പണം നേരിട്ട് നല്‍കുകയും ചെയ്തില്ല. ഇതിന്‍റെ പേരിലും തര്‍ക്കമുണ്ടായി. ഇതോടെ പങ്കെടുക്കാന്‍ ഉദ്ദേശിച്ച പരിപാടി ഒഴിവാക്കി കുടുംബം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാല്‍ പണം ഒല മണിവഴി കമ്പനി ഈടാക്കി.
സംഭവം കാണിച്ച് ഇദ്ദേഹം ഒലക്ക് പരാതി നല്‍കിയെങ്കിലും കമ്പനി യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇതിനിടെ തങ്ങളുടെ ബില്‍ തുക ഉടന്‍ അയക്കണമെന്ന് ആവശ്യപ്പെട്ട് ഒലയുടെ അധികൃതര്‍ അദ്ദേഹത്തെ നിരന്തരം വിളിക്കുകയും ചെയ്തിരുന്നു. ഇതോടെ 2022 ജനുവരിയില്‍ ഇദ്ദേഹം ഉപഭോക്തൃ കോടതിയെ സമീപിച്ചു. പരാതിയില്‍ നോട്ടിസ് നൽകിയിട്ടും ഒല കാബ്‌സ് കമ്മീഷന് മുന്നിൽ ഹാജരായില്ല. സാമുവലിന്‍റെ പരാതിയും മാനസിക വിഷമവും കണക്കിലെടുത്ത് കമ്മീഷൻ ഉപഭോക്താവിന് 88,000 രൂപ നഷ്ടപരിഹാരവും 7,000 രൂപ ചെലവും നൽകാൻ കമ്പനിയോട് ആവശ്യപ്പെട്ടു.
കമ്മീഷൻ 45 ദിവസമാണ് നഷ്ടപരിഹാരം നല്‍കാനായി കമ്പനിക്ക് നല്‍കിയത്. ഉത്തരവ് പാലിക്കുന്നതിൽ സ്ഥാപനം പരാജയപ്പെട്ടാൽ പലിശ നൽകാൻ ബാധ്യസ്ഥരായിരിക്കും. പ്രതിവര്‍ഷം 861 രൂപയ്ക്ക് 12 ശതമാനം പലിശ ചേര്‍ത്ത് ഉപഭോക്താവിന് തിരികെ നല്‍കാന്‍ കോടതി ഉത്തരവായി.