ഭുവനേശ്വർ : രാജ്യത്തെ ഞെട്ടിച്ച ഒഡിഷ ട്രെയിൻ അപകടത്തിൽ മരിച്ച 29 പേരുടെ മൃതദേഹങ്ങൾ കൂടി ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ട്രെയിൻ ദുരന്തം സംഭവിച്ച് ഏകദേശം ഒരു മാസത്തിന് ശേഷമാണ് മൃതദേഹങ്ങൾ തിരിച്ചറിയാനായത്. 79 മൃതദേഹങ്ങളുടെ ഡിഎൻഎ സാമ്പിളുകളാണ് പരിശോധനയ്‌ക്കായി ഡൽഹിയിലേക്ക് അയച്ചിരുന്നത്. തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ഇന്ന് തന്നെ ബന്ധുക്കൾക്ക് വിട്ടുനൽകും.
ആകെ 81 അജ്ഞാത മൃതദേഹങ്ങളാണ് ഭുവനേശ്വർ എയിംസിൽ സൂക്ഷിച്ചിരിക്കുന്നത്. അതേസമയം തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ പശ്ചിമ ബംഗാൾ, ബിഹാർ, ഒഡിഷ സ്വദേശികളുടേതാണെന്നാണ് വിവരം. ഭുവനേശ്വർ മുനിസിപ്പൽ കോർപറേഷൻ മൃതദേഹങ്ങൾ അവരവരുടെ നാട്ടിലേക്ക് സൗജന്യമായി കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന ഗതാഗത വകുപ്പ് സൗജന്യ ആംബുലൻസ് സേവനവും നൽകും. അതേസമയം മരിച്ചരുടെ ബന്ധുക്കൾക്ക് മൃതദേഹം സ്വീകരിക്കാൻ ഭുവനേശ്വർ എയിംസിലേക്ക് എത്താൻ സാധിച്ചില്ലെങ്കിൽ ഭുവനേശ്വർ സത്യനഗർ, ഭരത്പൂർ ശ്‌മശാനത്തിൽ മൃതദേഹങ്ങൾ സംസ്‌കരിക്കാനുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ദുരന്ത ഭൂമിയായി ബാലസോർ : ജൂൺ രണ്ടിനാണ് രാജ്യത്തെ നടുക്കിയ ബാലസോർ ട്രെയിൻ ദുരന്തം ഉണ്ടായത്. ബഹനാഗ ബസാർ പ്രദേശത്താണ് ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്‌റ്റ് എക്‌സ്‌പ്രസ്, കോറമണ്ഡല്‍ എക്‌സ്‌പ്രസ്, ഗുഡ്‌സ് ട്രെയിന്‍ എന്നിവ കൂട്ടിയിടിച്ച് അപകടമുണ്ടായത്. രാജ്യം ഇന്നേവരെ കണ്ട ഏറ്റവും വലിയ ട്രെയിൻ അപകടത്തിൽ 293 പേർ മരിക്കുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം റെയിൽവേ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
അപകടത്തിന് പിന്നിൽ : അതേസമയം സിഗ്നലിങ് സംവിധാനത്തിലെ പിഴവാണ് ഒഡിഷ ട്രെയിൻ ദുരന്തത്തിന് കാരണമെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. സിഗ്നലിങ് സംവിധാനത്തിലെ ഗുരുതരമായ പിഴവുകൾ സംബന്ധിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ സോണിന്‍റെ ചീഫ് ഓപ്പറേറ്റിങ് മാനേജർ നേരത്തെ ആശങ്ക ഉന്നയിച്ചിരുന്നതായുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ഫെബ്രുവരി 9ന് ഇത് സംബന്ധിച്ച് ഈ ഉദ്യോഗസ്ഥൻ റെയിൽവേക്ക് കത്ത് അയച്ചിരുന്നു. സിഗ്നലിങ് സംവിധാനത്തിലെ ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാട്ടിയായിരുന്നു കത്തയച്ചത്. ഒരു എക്‌സ്പ്രസ് ട്രെയിന്‍ സിഗ്നൽ തകരാർ നേരിട്ട സംഭവവും ഉദ്യോഗസ്ഥൻ കത്തിൽ വ്യക്‌തമാക്കിയിരുന്നു. ലോക്കോ പൈലറ്റിന്‍റെ ജാഗ്രത കൊണ്ടാണ് അന്ന് വലിയൊരു ദുരന്തം ഒഴിവായതെന്നും അദ്ദേഹം കത്തിൽ പറഞ്ഞിരുന്നു.
അതേസമയം ട്രെയിൻ ദുരന്തത്തിന്‍റെ കാരണം കണ്ടെത്തുന്നതിനായി സിബിഐ അന്വേഷണം തുടരുകയാണ്. സംഭവത്തിൽ റെയിൽവേ ജൂനിയർ എഞ്ചിനീയർ ഉൾപ്പടെ റെയിൽവേയിലെ നിരവധി ജീവനക്കാരെ സിബിഐ ഇതിനകം ചോദ്യം ചെയ്‌ത് കഴിഞ്ഞു. നേരത്തെ ജൂണ്‍ 19ന് സിബിഐ സംഘം അപകടം നടന്ന സ്ഥലത്തെ അന്വേഷണം പൂർത്തിയാക്കി മടങ്ങിയിരുന്നു.