ചെന്നൈ: വെള്ളിയാഴ്‌ചയുണ്ടായ, രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തത്തില്‍ പരിക്കേറ്റവരുമായി ബാലസോറിൽ നിന്ന് പുറപ്പെട്ട പ്രത്യേക ട്രെയിൻ ഞായറാഴ്‌ച പുലർച്ചെ ചെന്നൈയിൽ എത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. തമിഴ്‌നാട് ആരോഗ്യ കുടുംബക്ഷേമ മന്ത്രി മാ സുബ്രഹ്മണ്യനും റവന്യൂ-ദുരന്ത നിവാരണ മന്ത്രി കെകെഎസ്എസ്ആർ രാമചന്ദ്രനും ചെന്നൈ എംജിആർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ സ്വീകരിക്കാൻ എത്തിയിരുന്നു.
യാത്രക്കാർക്ക് വൈദ്യസഹായം നൽകുന്നതിന് എല്ലാ പ്രധാന സർക്കാർ ആശുപത്രികളിലും പ്രത്യേക മെഡിക്കൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വാര്‍ത്തF സമ്മേളനത്തിൽ അറിയിച്ചു. 'പരിക്കേറ്റവർക്ക് എല്ലാ പ്രധാന സർക്കാർ ആശുപത്രികളിലും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാർക്ക് വൈദ്യസഹായം നൽകാൻ 305 ഡോക്‌ടർമാർ സജ്ജരാണ്.
ചെന്നൈയിലെ ആറ് പ്രധാന സർക്കാർ ആശുപത്രികളിൽ 207 ഐസിയുകളും 250 കിടക്കകളും ക്രമീകരിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍ യാത്രക്കാരെ പരിശോധിക്കാൻ ഒരു മെഡിക്കൽ ടീമിനെയും വിന്യസിച്ചിട്ടുണ്ട്' -മന്ത്രി വ്യക്തമാക്കി. സംസ്ഥാന ഗതാഗത വകുപ്പ് നൽകുന്ന സൗജന്യ ബസുകൾ യാത്രക്കാരെ അവർക്ക് എത്തേണ്ട സ്ഥലങ്ങളിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'നിലവില്‍ എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. ഇവരിൽ ഏഴ് പേർക്ക് ചെറിയ മുറിവുകൾ ഉണ്ട്, രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ എക്‌സ്-റേയ്‌ക്കും തുടർ ചികിത്സയ്‌ക്കുമായി രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്' -മന്ത്രി പറഞ്ഞു.
ചികിത്സയ്‌ക്ക് ശേഷം എല്ലാ യാത്രക്കാരെയും അവരവരുടെ ജില്ലകളിലേക്ക് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനവും മറ്റ് പ്രവർത്തനങ്ങളും നിരീക്ഷിച്ചു വരികയാണെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കൺട്രോൾ റൂമുകൾ വഴി എല്ലാം നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍ ഒഡിഷയിലുള്ള മന്ത്രിമാർ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും പൂർത്തിയാകുന്നതുവരെ അവിടെ തുടരുമെന്നും മന്ത്രി സുബ്രഹ്മണ്യൻ പറഞ്ഞു. ഇതിനിടെ, ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 288 ആയി ഉയർന്നു. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
1,175 യാത്രക്കാരെ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇവരിൽ 793 പേർ ആശുപത്രി വിട്ടതായാണ് വിവരം. നിലവിൽ 382 യാത്രക്കാർ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
വെള്ളിയാഴ്‌ച രാത്രിയിലാണ് ബാലസോറിലെ ബഹനാഗ റെയിൽവേ സ്റ്റേഷന് സമീപം കോറോമണ്ഡൽ എക്‌സ്‌പ്രസ് അപകടത്തില്‍ പെട്ടത്. പാളം തെറ്റിയ ബെംഗളൂരു-ഹൗറ എക്‌പ്രസില്‍ കോറോമണ്ഡല്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച ബോഗികള്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനില്‍ പതിച്ചതാണ് ദുരന്തത്തിന്‍റെ ആക്കം കൂട്ടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അപകട സ്ഥലത്ത് എത്തിയിരുന്നു.
ദുരന്തത്തിൽ റെയിൽവേ ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. കോറോമണ്ഡല്‍ എക്‌സ്‌പ്രസില്‍ 1,257 റിസര്‍വ് ചെയ്‌ത യാത്രക്കാരും ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്‌പ്രസിൽ 1,039 റിസർവ് ചെയ്‌ത യാത്രക്കാരുമാണ് ഉണ്ടായിരുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.