ഭുവനേശ്വർ: സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കണമെന്ന് രണ്ടാം തവണയും ആവശ്യപ്പെട്ട് ഒഡിഷ സർക്കാർ. സുന്ദർഗഡ് ജില്ലയിൽ എയിംസ് വേണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി അസിത് ത്രിപാഠി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകി. ആദ്യത്തെ എയിംസ് ഭുവനേശ്വറിലാണുള്ളത്. മെഡിക്കൽ വിദ്യാഭ്യാസത്തിലും ഗുണനിലവാരമുള്ള ആരോഗ്യ പരിപാലനത്തിലും രാജ്യത്തെ മുൻനിര എയിംസുകളിൽ ഒന്നാണിത്.
ഒരു മെഡിക്കൽ കോളജും ആശുപത്രിയും സ്ഥാപിക്കുന്നതിന് ഒഡിഷ സർക്കാരും എൻടിപിസിയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. ഈ പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായതായും അസിത് ത്രിപാഠി പറഞ്ഞു. ആശുപത്രിയിൽ 500 കിടക്കകൾക്കുള്ള സൗകര്യവും എംബിബിഎസിന് 100 സീറ്റുകളുമുണ്ട്. ഈ സൗകര്യങ്ങള്‍ എയിംസിനായി ഉപയോഗപ്പെടുത്താമെന്നും പടിഞ്ഞാറൻ ഒഡിഷയിലെ ആദിവാസി ജനതയ്‌ക്ക് ഫലപ്രദമായ ചികിത്സ നൽകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.