ഭുവനേശ്വർ : രാജ്യത്ത് കൊവിഡ് 19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വാക്സിനുള്ള ജിഎസ്ടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കത്ത് നൽകി.
18 മുതൽ 45 വയസുവരെ പ്രായമുള്ളവർക്ക് വാക്സിനുകൾ വാങ്ങാനായി സംസ്ഥാനങ്ങൾ പണം മുടക്കണമെന്ന് കേന്ദ്രം അവശ്യപ്പെട്ടിരുന്നു. കൂടാതെ ഇത്തരത്തിൽ സംസ്ഥാനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന വാക്സിനുമേൽ കേന്ദ്രം നികുതിയും ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് സംസ്ഥാനങ്ങളുടെ ചെലവ് വധിപ്പിക്കുമെന്നും കത്തിൽ പറയുന്നു.
Also read: രാജ്യത്ത് ഏറ്റവും കൂടുതൽ മെഡിക്കൽ ഗ്രേഡ് ലിക്വിഡ് ഓക്സിജൻ ഉത്പാദിപ്പിക്കുന്ന സ്ഥാപനമായി റിലയൻസ്
കൂടാതെ കൊവിഡ് -19 നെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാരിന് മാത്രമായി ലഭ്യമായ പെട്രോൾ, ഡീസൽ, മദ്യം എന്നിവയുടെ വിവിധ സെസ്സുകളും ചാർജുകളും സംസ്ഥാന സർക്കാരുമായും പങ്കിടാമെന്നും പട്നായിക് കത്തിൽ വ്യക്തമാക്കി.
പെട്രോൾ, ഡീസൽ, മദ്യം എന്നിവയുടെ വിവിധ സെസ്സുകളും സർചാർജുകളും വഴി സമാഹരിക്കുന്ന അധിക വരുമാനം കേന്ദ്ര സർക്കാരിനുമാത്രമായി ലഭിക്കുന്നതാണ്. അവ സംസ്ഥാനങ്ങൾക്കുകൂടി ഉചിതമായി പങ്കിട്ടാൽ ഈ നിർണായക ഘട്ടത്തിൽ സംസ്ഥാന സർക്കാരുകൾക്ക് അത് വലിയ സഹായമാണ്.
ഇത് സംസ്ഥാനങ്ങളിലെ പ്രതിരോധ കുത്തിവയ്പ്പ്, ചികിത്സ, പ്രതിരോധ നടപടികൾ എന്നിവ ഉൾപ്പെടെയുള്ള നടപടികളെ ശക്തിപ്പെടുത്തുമെന്നും കത്തിൽ പറയുന്നു. 18 മുതൽ 44 വയസ്സുവരെയുള്ള സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും ഒഡീഷ നേരത്തെ സൗജന്യ വാക്സിനേഷൻ പ്രഖ്യാപിച്ചിരുന്നു.