ഭുവനേശ്വർ: ലോക്ക്‌ഡൗൺ കാലയളവിൽ തെരുവ് മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിനായി ഫണ്ട് അനുവദിച്ച് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്. ദുരിതാശ്വാസ നിധിയിൽ നിന്ന് 60 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്.
അഞ്ച് മുനിസിപ്പൽ കോർപ്പറേഷനുകൾ, 48 മുനിസിപ്പാലിറ്റികൾ, 61 നോട്ടിഫൈഡ് ഏരിയാ കൗൺസിലുകൾ എന്നിവിടങ്ങളിൽ ലഭ്യമാകുന്ന ഫണ്ട് ഉപയോഗിച്ച് നഗരങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിവിധ പ്രാദേശിക സന്നദ്ധ സംഘടനകൾ വഴി മൃഗങ്ങൾക്ക് ഭക്ഷണം നൽകും.
ജജ്പൂർ ജില്ലയിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം പ്രാദേശിക ഭരണകൂടം ചണ്ഡിഖോളിലെ മഹാവിനായക് ക്ഷേത്രത്തിൽ കുരങ്ങുകൾക്കും നായ്ക്കൾക്കും പശുക്കൾക്കും ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്. ലോക്ക്ഡൗൺ സമയത്ത് തെരുവ് മൃഗങ്ങൾക്ക് ഭക്ഷണം നൽകണമെന്ന് ജില്ലാ ഭരണകൂടവും ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ലോക്ക്ഡൗൺ സമയത്ത് മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിന് ഫണ്ട് അനുവദിച്ചതിന് മൃഗങ്ങളുടെ അവകാശ സംഘടനയായ പെറ്റ ഇന്ത്യ പട്നായിക്കിന് അവാർഡ് നൽകി. മെയ് അഞ്ചിനാണ് സംസ്ഥാനത്ത് ലോക്ക്‌ഡൗൺ ആരംഭിച്ചത്.