കട്ടക്ക് (ഒഡിഷ): നടുറോഡിൽ ഒരാളെ മർദിക്കുകയും മുട്ടുകുത്തിക്കുകയും ചെയ്‌ത കേസിൽ ഒഡിഷ കൃഷിമന്ത്രി രണേന്ദ്ര പ്രതാപ് സ്വയിന്‍റെ ബന്ധു അറസ്റ്റിൽ. മന്ത്രിയുടെ അനന്തരവൻ അമരേന്ദ്ര പ്രതാപ് സ്വയിനെയാണ് കട്ടക്ക് സദർ പൊലീസ് അറസ്റ്റ് ചെയ്‌തത്. വാഹനം മറികടന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് അമരേന്ദ്ര പ്രതാപും കൂട്ടാളികളും ചേർന്ന് നടുറോഡിൽ ഒരാളെ മർദിക്കുകയും മുട്ടുകുത്താൻ നിർബന്ധിക്കുകയും ചെയ്‌തത്.
ഒക്‌ടോബർ 27ന് കട്ടക്കിലെ പ്രതാപ് നഗരി പ്രദേശത്ത് വച്ചായിരുന്നു സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവത്തെ തുടർന്ന് മർദനമേറ്റയാൾ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
ബിജു യുവ ജനതാദളിന്‍റെ (ബിവൈജെഡി) ജനറൽ സെക്രട്ടറിയാണ് അറസ്റ്റിലായ അമരേന്ദ്ര പ്രതാപ്. ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 14 കേസുകൾ നിലവിലുണ്ട്.