ഗുണ്ടൂര്‍: യുവതികളെ ഉപയോഗിച്ച് മന്ത്രവാദം നടത്തുകയും പിന്നീട് പീഡനത്തിന് ഇരയാക്കുകയും ചെയ്‌ത സംഭവത്തില്‍ സ്‌ത്രീ ഉള്‍പ്പെടെയുള്ള സംഘം അറസ്റ്റില്‍. ആന്ധ്രാപ്രദേശ് ഗുണ്ടൂരിലാണ് സംഭവം. മന്ത്രവാദി നാഗേശ്വര റാവു, പൊന്നേക്കല്ലു സ്വദേശി നാഗേന്ദ്ര ബാബു, ചിലക്കലൂരിപേട്ട് സ്വദേശിനി അരവിന്ദ, രാധ, ഗുണ്ടൂര്‍ സ്വദേശി സുരേഷ്, നന്ദ്യാല ജില്ലയില്‍ നിന്നുള്ള സുബ്ബുലു, പവന്‍, സുനില്‍, ശിവ, സാഗര്‍, പെഡ്ഡി റെഡ്ഡി, ഭാസ്‌കര്‍ എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ചിലക്കലൂരിപേട്ട് സ്വദേശിനി അരവിന്ദയ്‌ക്ക് കച്ചവടത്തില്‍ ചില നഷ്‌ടങ്ങള്‍ ഉണ്ടായി. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട തടികൊണ്ട മണ്ഡലത്തിലെ പൊന്നേകല്ലുവില്‍ നിന്നുള്ള നാഗേശ്വര റാവുവിനോട് അരവിന്ദ കാര്യം പറഞ്ഞു. മന്ത്രവാദവും പൂജകളും നടത്തുന്ന നാഗേശ്വര, കച്ചവടത്തിലെ നഷ്‌ടം തീര്‍ക്കാന്‍ ചില പൂജകള്‍ ചെയ്‌താല്‍ മതിയെന്ന് ഉപദേശിച്ചു.
യുവതികളെ ഉപയോഗിച്ച് കൊണ്ടുള്ള പൂജ നടത്താന്‍ ഇരുവരും പദ്ധതിയിട്ടു. തുടര്‍ന്ന് യുവതികള്‍ക്കായി നാഗേന്ദ്ര എന്നയാളെ അരവിന്ദയും നാഗേശ്വര റാവുവും സമീപിച്ചു. പൂജയില്‍ യുവതികള്‍ നഗ്‌നരായി ഇരുന്നാല്‍ ഒരുലക്ഷം രൂപ നല്‍കാമെന്നും അരവിന്ദയും മന്ത്രവാദി നാഗേശ്വര റാവുവും നാഗേന്ദ്രയോട് പറഞ്ഞു.
നാഗേന്ദ്രയും സുഹൃത്ത് സുരേഷും ചേര്‍ന്ന് നന്ദ്യാല ജില്ലയിലെ നിര്‍ധന കുടുംബത്തില്‍ നിന്നുള്ള രണ്ട് യുവതികളെ സമീപിച്ചു. പണം വാഗ്‌ദാനം ചെയ്‌ത് അവരെ അരവിന്ദയുടെ അടുത്ത് എത്തിച്ചു. അരവിന്ദ യുവതികളെ മന്ത്രവാദിയുടെ അടുത്തേക്ക് കൊണ്ടു പോയി. യുവതികളെ ഉപയോഗിച്ച് പൂജ നടത്തി. പിന്നാലെ മന്ത്രവാദിയും അനുയായികളും ചേര്‍ന്ന് ഇവരെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
മടങ്ങാന്‍ ശ്രമിച്ച യുവതികളെ ഭീഷണിപ്പെടുത്തി കാറില്‍ കയറ്റി ഗുണ്ടൂരിലേക്ക് കൊണ്ടുപോയി. ഗൊരാന്ത്‌ലയ്‌ക്ക് സമീപം രക്ഷപ്പെട്ട യുവതികള്‍ ദിശ ആപ്പ് വഴി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നല്ലപ്പാട് പൊലീസ് എത്തി മന്ത്രവാദിയെയും അനുയായികളെയും അറസ്റ്റ് ചെയ്‌തു.