മാല്‍ദ (പശ്ചിമ ബംഗാള്‍) : ചെറിയ കുട്ടിയായിരിക്കുമ്പോള്‍ ലിപിക ദേബ്‌നാഥിന്‍റെ ഏറ്റവും വലിയ ആഗ്രഹം ഒരു ബോഡി ബില്‍ഡര്‍ ആകുക എന്നതായിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുമ്പോഴും തന്‍റെ ആഗ്രഹം ലിപിക മനസില്‍ കെടാതെ സൂക്ഷിച്ചു. അതിനുവേണ്ടി അധ്വാനിച്ചു. ഈയിടെ പൂനെയില്‍ നടന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ് യൂണിവേഴ്‌സ് ഫിറ്റ്‌നസ് ചാമ്പ്യന്‍ മത്സരത്തില്‍ ആറാം സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട് ഈ ത്രിപുരക്കാരി.
കര്‍മം കൊണ്ട് നഴ്‌സാണ് ലിപിക. 2020ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ലിപിക കഴിഞ്ഞ രണ്ടര വര്‍ഷമായി ചഞ്ചല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ നിയോനാറ്റല്‍ (നവജാത ശിശുക്കളുടെ പരിചരണ) വിഭാഗത്തില്‍ ജോലി ചെയ്‌തുവരികയാണ്. ഇതിനിടെ, ത്രിപുരയില്‍ നിന്ന് പശ്ചിമ ബംഗാളിലെ മാല്‍ദയിലേക്ക് ജീവിതം പറിച്ചുനട്ടു.
ജോലി ലഭിച്ചപ്പോഴും തന്‍റെ സ്വപ്‌നം ലിപിക ഉപേക്ഷിച്ചില്ല. ഡ്യൂട്ടി കഴിഞ്ഞാല്‍ പിന്നെ ചഞ്ചലില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള മാല്‍ഡയിലേക്ക്. അവിടെയുള്ള ഒരു ജിമ്മില്‍ ലിപിക പിങ്കുദാ എന്ന് വിളിക്കുന്ന കോച്ച് പിങ്കു ഭഗതിന് കീഴില്‍ പരിശീലനം.
നഴ്‌സ് ബോഡിബില്‍ഡറായപ്പോള്‍ : 'അപ്പോള്‍ എന്താണോ ചെയ്യുന്നത് അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിക്കാറുള്ളത്. ആശുപത്രിയില്‍ കുഞ്ഞുങ്ങളെ ശുശ്രൂഷിക്കുമ്പോള്‍ എന്‍റെ മനസില്‍ മറ്റൊന്നുമുണ്ടാകാറില്ല. ആശുപത്രിയിൽ നിന്ന് ഇറങ്ങുമ്പോള്‍ പിന്നെ മനസ് നിറയെ പരിശീലനവും ജിംനേഷ്യവുമാണ് ' - ലിപിക പറയുന്നു.
'ചെറുപ്പം മുതലേ വ്യായാമം ചെയ്യാൻ എനിക്ക് ഇഷ്‌ടമായിരുന്നു. കുട്ടിക്കാലത്ത്, മുൻ അധ്യാപകൻ കൂടിയായ പിതാവ് യോഗേഷ് ചന്ദ്ര ദേബ്‌നാഥാണ് ജിമ്മില്‍ കൊണ്ടുപോയിരുന്നത്. പിന്നീട് നഴ്‌സായി ജോലി ലഭിച്ചു.
കൊൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ലഭിച്ചപ്പോള്‍ അവിടേക്ക് താമസം മാറി. അന്ന് അവിടെ പരിശീലനം ചെയ്യാറുണ്ടായിരുന്നു. ആ സമയത്താണ് കൊവിഡും ലോക്‌ഡൗണും സംഭവിക്കുന്നത്.
അതോടെ ജിമ്മിലെ പരിലീലനം മുടങ്ങി. പിന്നീട് സർക്കാർ ജോലി ലഭിച്ച് മാല്‍ദയിലേക്ക് താമസം മാറി. എന്നെ സംബന്ധിച്ചിടത്തോളം ജോലിയും ബോഡി ബില്‍ഡിങ്ങും പ്രധാനമാണ്' - ലിപിക വ്യക്തമാക്കി.
'ഏപ്രിൽ 15-17 തീയതികളിൽ പൂനെയിൽ അന്താരാഷ്ട്രതല ബോഡി ബിൽഡിങ് മത്സരം നടന്നു, ആറാം സ്ഥാനത്തെത്തുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. നേരത്തെ ബംഗാളിൽ നടന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. 'ഒളിമ്പ്യ'യില്‍ പങ്കെടുക്കുകയാണ് പ്രധാന ലക്ഷ്യം,' ലിപിക പറയുന്നു.
നിങ്ങൾ എന്തെങ്കിലും ഇഷ്‌ടപ്പെടുന്നെങ്കിൽ, അത് മുറുകെ പിടിക്കണം, അതിനുവേണ്ടി അധ്വാനിക്കണം - സ്വപ്‌നം കാണുന്നവരോടുള്ള ലിപികയുടെ ഉപദേശമിതാണ്.