ചണ്ഡീഗഡ്: വിശ്വഹിന്ദു പരിഷത്തിന്‍റെ ശോഭയാത്ര (VHP Shobha Yatra Haryana) നടത്താന്‍ 50 പേര്‍ക്ക് അനുമതി നല്‍കി ഭരണകൂടം. ശോഭയാത്ര (Shobha Yatra in nuh) ആഹ്വാനം ചെയ്‌ത നൂഹിലും (Nuh Haryana) പരിസര പ്രദേശങ്ങളിലും കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് സുരക്ഷാക്രമീകരണം.
1,900 പൊലീസ് ഉദ്യോഗസ്ഥരെയും അര്‍ധസൈനിക വിഭാഗത്തില്‍ നിന്നുള്ള 24 പേരെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച വരെ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശോഭയാത്രയുടെ ഭാഗമായി ബാങ്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടു. ജാഥയ്‌ക്ക് മുന്നോടിയായി സ്ഥലത്ത് ഇന്‍റര്‍നെറ്റ് സംവിധാനം താത്‌കാലികമായി നിര്‍ത്തിവച്ചു.
ജാഥയ്‌ക്ക് മുന്നോടിയായി സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കാനാണ് ഇന്‍റര്‍നെറ്റിന് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. പ്രദേശത്ത് ആളുകള്‍ കൂട്ടം കൂടുന്നതിനും വിലക്കുണ്ട്. സംസ്ഥാന അതിര്‍ത്തികളിലും ചെക്ക് പോയിന്‍റുകളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
മേഖലയിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ പരിശോധന ശക്തമാണ്. കഴിഞ്ഞ മാസം ഹരിയാനയിലുണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നും ഗുരുഗ്രാമിലേക്കുള്ള ഘോഷയാത്രയ്‌ക്ക് വിലക്കുണ്ടായിരുന്നു. തുടര്‍ന്നാണ്, 50 പേര്‍ക്ക് ഘോഷയാത്ര (Shobha yatra Nuh Haryana) നടത്താന്‍ ഭരണകൂടം അനുമതി നല്‍കിയത്.
സംസ്ഥാനത്തിന്‍റെ പലയിടത്തും പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വിഎച്ച്പിയുടെ ശോഭയാത്രക്ക് അനുമതി നല്‍കിയ സാഹചര്യത്തില്‍ യാത്ര കടന്നുപോകുന്നയിടങ്ങളില്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. നൂഹിന് പുറത്ത് നിന്നെത്തുന്ന ആളുകളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിച്ച് വരികയാണ്. നൂഹിലെ നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ഡ്രോണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എഎസ്‌പി ഉഷ കുണ്ഡു, ഡിഎസ്‌പി ജിതേന്ദ്ര റാണ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലത്ത് സുരക്ഷ ഒരുക്കിയിട്ടുള്ളത്.
സെപ്‌റ്റംബറില്‍ നൂഹില്‍ നടക്കാനിരിക്കുന്ന ജി20 ഷെര്‍പ്പ് ഗ്രൂപ്പ് മീറ്റിങ് കണക്കിലെടുത്ത് സുരക്ഷ സംവിധാനം ശക്തിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് വിഎച്ച്പി ഘോഷയാത്ര (Shobha Yatra VHP) ആഹ്വാനം ചെയ്‌തത്. ജൂലൈ 31ന് നൂഹില്‍ ഉണ്ടായ വര്‍ഗീയ കലാപത്തെ തുടര്‍ന്ന് കനത്ത നീരീക്ഷണമാണ് സ്ഥലത്ത് ഏര്‍പ്പെടുത്തിയിരുന്നത്.
യാത്രക്ക് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ വിഎച്ച്പി ശോഭയാത്ര നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍, അനുമതി നല്‍കിയിട്ടില്ലെന്നും ജലാഭിഷേകത്തിനായി (Jalasbhishek in nuh) ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനാണ് അനുമതി നല്‍കിയതെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ (Haryana Chief Minister Manohar Lal Khattar) അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശോഭയാത്ര നടത്തണമെന്ന വിഎച്ച്പിയുടെ ആവശ്യത്തിന് അനുമതി നല്‍കിയത്.