കൊല്‍ക്കത്ത: രാഷ്ട്രപതി സ്ഥാനാര്‍ഥിയെ കണ്ടെത്താനാകാതെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം. പ്രതിപക്ഷത്തിന്‍റെ സംയുക്ത രാഷ്ട്രപതി സ്ഥാനാർഥിയാകാനുള്ള ആവശ്യം പശ്‌ചിമ ബംഗാൾ മുൻ ഗവർണറും മഹാത്മഗാന്ധിയുടെ ചെറുമകനുമായ ഗോപാല്‍കൃഷ്‌ണ ഗാന്ധിയും തള്ളിയതോടെ മറ്റൊരു പേര് ആലോചിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ.
ചർച്ചയില്‍ യശ്വന്ത് സിന്‍ഹയുടെ പേര്: ബിജെപി മുൻ നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹയെ രാഷ്ട്രപതി സ്ഥാനാർഥിയായി ആലോചിക്കുന്നതായി തൃണമൂല്‍ കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി. അടുത്തിടെയാണ് സിന്‍ഹ ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇത്തരം ഒരു ആവശ്യവുമായി പ്രതിപക്ഷ നേതാക്കള്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ സമീപിക്കുന്നതായാണ് വിവരം.
Also Read: രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ സ്ഥാനാര്‍ഥിയാകാന്‍ ഇല്ലെന്ന് ഗോപാല്‍കൃഷ്‌ണ ഗാന്ധി
ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തിന്‍റെ ചര്‍ച്ചയിലാണ് സിന്‍ഹയുടെ പേര് ഉയര്‍ന്ന് വന്നത്. നേരത്തെ മമതാ ബാനര്‍ജി ഡല്‍ഹിയില്‍ വിളിച്ച 22 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ 17 പാര്‍ട്ടികള്‍ പങ്കെടുത്തിരുന്നു.
രണ്ടുതവണ കേന്ദ്ര ധനമന്ത്രിയായ വ്യക്തിയാണ് സിന്‍ഹ. 1990 ലെ ചന്ദ്രശേഖർ മന്ത്രിസഭയിലും പിന്നീട് വാജ്‌പേയി മന്ത്രിസഭയിലുമാണ് മന്ത്രിയായത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ജൂൺ 29 ആണ്. വോട്ടെടുപ്പ് ജൂലൈ 18 നും വോട്ടെണ്ണൽ ജൂലൈ 21 നും നടക്കും.