ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ അധികാരത്തില്‍ വന്നാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിൻ. വിഷയത്തില്‍ പാര്‍ലമെന്‍റില്‍ ബിജെപിയെ പിന്തുണച്ച എഐഎഡിഎംകെയെ സ്റ്റാലിന്‍ കടന്നാക്രമിച്ചു. എഐഎഡിഎംകെയും രാജ്യസഭയിലെ ഏക പിഎംകെ അംഗവും ബില്ലിനെതിരെ വോട്ടുചെയ്തിരുന്നെങ്കിൽ സിഎഎ വെളിച്ചം കാണുമായിരുന്നില്ല. രാജ്യമെമ്പാടുമുള്ള ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയ്ക്ക് ഇരുപാർട്ടികളും ഉത്തരവാദികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജോലാർപേട്ടില്‍ തെരഞ്ഞെടുപ്പ് യോഗത്തിലാണ് സ്റ്റാലിന്‍ നിലപാട് വ്യക്തമാക്കിയത്.
വിവാദമായ കാര്‍ഷിക ബില്ലിനെതിരെ നിയമസഭാപ്രമേയം പാസാക്കാത്തതിലും മുഖ്യമന്ത്രി കെ പളനിസ്വാമിയെ സ്റ്റാലിന്‍ രൂക്ഷമായി വിമര്‍ശിച്ചു. പഞ്ചാബ്, പശ്ചിമ ബംഗാൾ, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾ പ്രമേയം പാസാക്കിയിട്ടും തമിഴ്നാട് ഒരു നടപടിയും എടുത്തില്ല. തന്‍റെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. വീട്ടമ്മമാര്‍ക്ക് 1000 രൂപ ശമ്പളം, പെട്രോളിയം വിലയില്‍ ഇളവ് എന്നിവയടക്കം നിരവധി വാഗ്ദാനങ്ങളാണ് ഡിഎംകെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ ആറിനാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ മെയ് രണ്ടിനാണ്.