ബെംഗളുരു: കൊവിഡ് മഹാമാരി കണക്കിലെടുത്ത് സംസ്ഥാനത്ത് സ്കൂളുകൾ തുറക്കരുതെന്ന് വിദഗ്ദ്ധർ നിർദ്ദേശിച്ചതിനാൽ സ്‌കൂളുകൾ ഉടൻ തുറക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. പത്താം ക്ലാസ്, പ്രീ യൂണിവേഴ്സിറ്റി പരീക്ഷ എന്നിവയുടെ കാര്യത്തിൽ സാഹചര്യം വിലയിരുത്തി സർക്കാർ ഉചിതമായ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡിസംബർ അവസാനം വരെ ഒരു തീരുമാനവും എടുക്കരുതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. സാഹചര്യം വിലയിരുത്തിയ ശേഷം വീണ്ടും കൂടിക്കാഴ്ച നടത്തുകയും ഉചിതമായ തീരുമാനമെടുക്കുകയും ചെയ്യും. അതുവരെ എസ്എസ്എൽസി (പത്താം ക്ലാസ്), പ്രീ യൂണിവേഴ്സിറ്റി പരീക്ഷ എന്നിവ നടത്തില്ലെന്ന് യെദ്യൂരപ്പ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കൊവിഡ് സാങ്കേതിക ഉപദേശക സമിതി ഡിസംബറിൽ സ്കൂളുകൾ തുറക്കരുതെന്ന് കർണാടക സർക്കാരിനോട് ശുപാർശ ചെയ്‌തിരുന്നു. വിപുലമായ ചർച്ചകൾക്ക് ശേഷമാണ് ഡിസംബറിൽ സ്കൂളുകൾ വീണ്ടും തുറക്കരുതെന്ന് ഏകകണ്ഠമായി തീരുമാനിച്ചതെന്ന് കർണാടക സാങ്കേതിക ഉപദേശക സമിതി പ്രസ്താവനയിൽ പറഞ്ഞു. സാങ്കേതിക ഉപദേശക സമിതി ചെയർപേഴ്‌സൺ ഡോ. എം കെ സുദർശന്‍റെ നേതൃത്വത്തിൽ ഞായറാഴ്ച നടന്ന യോഗത്തിലാണ് സ്കൂളുകൾ നിലവിലെ സാഹചര്യത്തിൽ വീണ്ടും തുറക്കരുതെന്ന് സർക്കാരിന് ശുപാർശ ചെയ്യാൻ തീരുമാനിച്ചത്.
അതേസമയം, നവംബർ 17 മുതൽ കർണാടകയിലെ കോളജുകൾ തുറന്നിരുന്നു. പക്ഷേ വിദ്യാർഥികളുടെ ഹാജർനില വളരെ മോശമാണ്. ഡിസംബർ 1 മുതൽ സംസ്ഥാനത്തെ മെഡിക്കൽ, പാരാമെഡിക്കൽ കോളജുകൾ വീണ്ടും തുറക്കാനാണ് പദ്ധതി. എന്നിരുന്നാലും, കോളജുകൾ വീണ്ടും തുറക്കുന്നതിന്‍റെ ആഘാതം വരും ദിവസങ്ങളിൽ അറിയാൻ കഴിയുമെന്ന് സുദർശൻ പറഞ്ഞു.
നിലവിൽ കർണാടകയിൽ കൊവിഡ് ബാധിച്ച് 24,887 പേർ ചികിത്സയിലുണ്ട്. 8,36,505 പേർ രോഗമുക്തരായി. ഇതുവരെ കർണാടകയിൽ കൊവിഡ് ബാധിച്ച് 11,654 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.