ന്യൂഡൽഹി : അഗ്നിപഥ് പദ്ധതി പിൻവലിക്കില്ലെന്ന് വ്യക്‌തമാക്കി ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവൽ. അഗ്‌നിപഥ് എന്നത് ഒറ്റ രാത്രികൊണ്ടുണ്ടായ തീരുമാനമല്ല. പതിറ്റാണ്ടുകളായി പദ്ധതിയെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സായുധ സേനയുടെ ശരാശരി പ്രായം കുറയ്‌ക്കണമെന്ന് നിരവധി കമ്മിറ്റികൾ ദശാബ്ദങ്ങളായി നിർദ്ദേശിക്കുന്നു. 1970കളിൽ തന്നെ മനുഷ്യ ശക്‌തിയുടേയും, സാങ്കേതിക വിദ്യയുടേയും ഉപയോഗത്തിലൂടെ സൈന്യത്തെ പുനഃസംഘടിപ്പിക്കുന്നതിനെക്കുറിച്ചും നവീകരിക്കുന്നതിനെക്കുറിച്ചും പല കമ്മിറ്റികളും സംസാരിച്ചിട്ടുണ്ട്.
അതേസമയം കേന്ദ്ര സർക്കാരിന്‍റെ അഗ്നിപഥ് യോജന പദ്ധതിയെക്കുറിച്ചുള്ള വിശ്വസനീയമായ വിവരങ്ങൾ, പ്രതിഷേധക്കാർ പ്രചരിപ്പിച്ച തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കിയെന്ന് സൈനിക മേധാവികൾ പറഞ്ഞു. സൈനികരാകാൻ തയാറെടുക്കുന്ന ചെറുപ്പക്കാർ പലയിടത്തും ശാരീരിക പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും സൈനിക മേധാവിമാര്‍ അവകാശപ്പെട്ടു.
അതേസമയം പദ്ധതിക്കെതിരെ ഇപ്പോഴും വിവിധ സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ബിഹാർ അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് രൂക്ഷമായ പ്രക്ഷോഭം. പ്രതിഷേധം വർധിച്ച സാഹചര്യത്തിൽ പൊലീസ് കടുത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പദ്ധതിക്കെതിരെ കോണ്‍ഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു.