പനാജി: ദുരന്ത നിവാരണത്തിനുള്ള ഉത്തരവാദിത്തം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് മറ്റ് മന്ത്രിമാരുമായി പങ്കിടണമെന്ന് തുറമുഖ മന്ത്രി മൈക്കൽ ലോബോ. ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് നിരവധി നാശനഷ്ടങ്ങളാണ് ഗോവയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ മുഖ്യമന്ത്രി ചുഴലിക്കാറ്റിനെ നേരിടാൻ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ലോബോ പറഞ്ഞു. തുടർച്ചയായ നാലാം ദിവസവും ഗോവയിലെ 200ലധികം വീടുകളിൽ വൈദ്യുതിയില്ല. കലാൻഗുട്ടിൽ 150തോളം വൈദ്യുതി പോസ്റ്റുകളും കാൻഡോലിമിലെ 100ഓളം വൈദ്യുതി പോസ്റ്റുകളും തകർന്നു. സാധാരണ നില പുന:സ്ഥാപിക്കാനുള്ള ഉപകരണങ്ങളോ മനുഷ്യശക്തിയോ സർക്കാരിനില്ല. ദുരന്തനിവാരണത്തിന്‍റെ എല്ലാ ഉത്തരവാദിത്തവും മുഖ്യമന്ത്രി തന്‍റെ മന്ത്രിമാരുമായി പങ്കിടണമെന്ന് നിർദേശിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ടൗട്ടെ: ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലും വെള്ളക്കെട്ടും, നാല് പേരെ കാണാതായി
ഗോവയിൽ വീശിയടിച്ച ടൗട്ടെ ചുഴലിക്കാറ്റിൽ രണ്ട് പേർ മരിച്ചിരുന്നു. 500ലധികം മരങ്ങൾ കടപുഴകി. പ്രധാന റോഡുകൾ തകരുകയും 100 ഓളം വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. അതേസമയം ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി സംസാരിച്ചതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. സാധാരണ സ്ഥിതി പുന:സ്ഥാപിക്കാൻ രണ്ട് ദിവസം എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.