ന്യൂഡൽഹി: SARS-CoV-2 ജീനോമിക്‌സ് കൺസോർഷ്യം അനുസരിച്ച് ഒമിക്രോണിന് ശേഷം ഇന്ത്യയിൽ കൊറോണ വൈറസിന്‍റെ പുതിയ വകഭേദങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ ലോക്‌സഭയിൽ അറിയിച്ചു. എന്നിരുന്നാലും ഒമിക്രോണിന്‍റെ വിവിധ ഉപ-വകഭേദങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും പ്രചരിക്കുന്നുണ്ടെന്നും രേഖാമൂലമുള്ള മറുപടിയിൽ മന്ത്രി വ്യക്‌തമാക്കി.
ഒമിക്രോണും അതിന്‍റെ ഉപവിഭാഗങ്ങളും ലഘുവായിക്കൊണ്ടിരിക്കുകയാണെന്നും സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും താരതമ്യേന കുറഞ്ഞ നിരക്കിൽ റിപ്പോർട്ട് ചെയ്യുന്ന ആശുപത്രിവാസങ്ങളുടെ എണ്ണമാണ് ഇതിന് തെളിവെന്നും മന്ത്രി വ്യക്‌തമാക്കി. കൊവിഡ് വകഭേദങ്ങളുടെ ആവിർഭാവം കണക്കിലെടുത്ത് ആരോഗ്യ മന്ത്രാലയം വിദഗ്‌ധ സമിതികളോടൊപ്പം ആഗോളതലത്തിലും രാജ്യത്തും പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്-വാക്‌സിനേഷൻ പദ്ധതിയിലും കൊവിഡിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യർഥിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൊവിഡിനെതിരായ തയാറെടുപ്പുകൾക്കും പ്രതിരോധത്തിനുമായി ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുന്നുണ്ടെന്നും അവർ വ്യക്‌തമാക്കി.
ദേശീയ ആരോഗ്യ ദൗത്യം, സംസ്ഥാന ദുരന്ത നിവാരണ ഫണ്ടുകൾ, അടിയന്തര കൊവിഡ് പ്രതിരോധം, തയ്യാറെടുപ്പ് പാക്കേജുകൾ, പ്രധാനമന്ത്രി - ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്‌ചർ മിഷൻ എന്നിവയിലൂടെ രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയ്‌ക്കാനും ആരോഗ്യ സംവിധാനം ശക്തിപ്പെടുത്താനും സംസ്ഥാനങ്ങൾക്ക് ധനസഹായം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.