മുംബൈ: മുംബൈയിലെ പള്ളിയില്‍ നിസ്കാരത്തിന് അനുമതി നിഷേധിച്ച് ഹൈക്കോടതി. സൗത്ത് മുംബൈയിലെ പള്ളിയിലാണ് വിശ്വാസികള്‍ക്ക് റമദാന്‍ മാസത്തില്‍ നിസ്കാരം നടത്താനുള്ള അനുമതി ഹൈക്കോടതി നിഷേധിച്ചത്. കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ആളുകളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം. മുസ്‌ലിങ്ങള്‍ക്ക് പള്ളിയില്‍ ദിവസം അഞ്ച് നേരവും പ്രാര്‍ഥനയ്‌ക്ക് അനുമതി നല്‍കണ ഹര്‍ജിയുമായി ജുമാ മസ്‌ജിദ് ട്രസ്റ്റാണ് മുംബൈ ഹൈക്കോടതിയെ സമീപിച്ചത്.
ജസ്റ്റിസുമാരായ ആര്‍ഡി ദനുക, വിജി ബിഷ്‌ട് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് അനുമതി നിഷേധിച്ചത്. കൊവിഡ് വ്യാപനം പിടിച്ചുകെട്ടാനായാണ് സര്‍ക്കാര്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. മതപരമായ ആചാരങ്ങള്‍ പാലിക്കാനും ആഘോഷിക്കാനും ആളുകള്‍ക്ക് അവകാശമുണ്ടെന്നും പക്ഷെ കൂടുതല്‍ മുന്‍ഗണന ജനങ്ങളുടെ സുരക്ഷയ്‌ക്കാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ഒരു ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന പള്ളിയില്‍ ഒരേ സമയം ഏഴായിരം പേരെ ഉള്‍പ്പെടുത്താം. എന്നാല്‍ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് റമദാന്‍ മാസത്തില്‍ ഒരു സമയം 50 പേരെ മാത്രമേ നിസ്കാരത്തില്‍ പങ്കെടുക്കാനേ അനുമതി നല്‍കുകയുള്ളുവെന്ന് ട്രസ്റ്റിന്‍റെ അപേക്ഷയില്‍ പറയുന്നു. എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.
എന്നാല്‍ മഹാരാഷ്‌ട്രയിലെ കൊവിഡ് സാഹചര്യം ഗുരുതരമാണെന്ന് ഹര്‍ജിയെ എതിര്‍ത്ത അഡീഷണല്‍ സര്‍ക്കാര്‍ പ്ലീഡര്‍ ജ്യോതി ചവാന്‍ കോടതിയെ അറിയിച്ചു. വരുന്ന 15 ദിവസങ്ങള്‍ നിര്‍ണായകമാണെന്നും റിസ്‌ക് എടുക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും ജ്യോതി ചവാന്‍ പറഞ്ഞു. സര്‍ക്കാര്‍ വാദം ശരിവെച്ച ഹൈക്കോടതി ഹര്‍ജി തള്ളുകയും ചെയ്‌തു.
സംസ്ഥാനത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് അടുത്ത 15 ദിവസത്തേക്ക് കര്‍ശന നിയന്ത്രണങ്ങളാണ് മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി എല്ലാ മത കേന്ദ്രങ്ങളും മാളുകളും അടച്ചിടും. അവശ്യ സര്‍വീസുകളെ ഒഴിച്ച് നിര്‍ത്തി ഇന്ന് രാത്രി എട്ട് മുതല്‍ മെയ് 1, രാവിലെ 7 മണി വരെയാണ് നിയന്ത്രണം.
മഹാരാഷ്‌ട്രയില്‍ തിങ്കളാഴ്‌ച 51,751 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 258 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു.
കൂടുതല്‍ വായനയ്‌ക്ക്: മഹാരാഷ്‌ട്രയിൽ 51,751 പേർക്ക് കൊവിഡ്; 258 മരണം