ശ്രീനഗർ: കൊവിഡ് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ബലിപെരുന്നാളിന് കൂട്ടപ്രാർഥന അനുവദിക്കില്ലെന്ന് ജമ്മു കശ്മീർ ഭരണകൂടം അറിയിച്ചു. കൊവിഡ് നിന്ത്രണങ്ങളുടെ ഭാഗമായി ആഘോഷങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കും 25 പേരെ മാത്രമാണ് ക്ഷണിക്കാനാകുന്നത്.
പെരുന്നാള്‍ പ്രാർഥനയ്‌ക്ക് ഇതില്‍ അധികം ആളുകള്‍ ഒന്നിക്കാൻ സാധ്യതയുണ്ടെന്നും അതിനാലാണ് നിയന്ത്രണം കടുപ്പിക്കുന്നതെന്നും കശ്‌മീർ ഡിവിഷണല്‍ കമ്മിഷണർല പാണ്ഡുരംഗ് കെ. പോള്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
മറ്റ് രാജ്യങ്ങളിൽ കൊവിഡ് മൂന്നാം തരംഗം മൂലമുണ്ടായ നാശനഷ്ടങ്ങൾ കണക്കിലെടുക്കുമ്പോൾ എല്ലാവരും മാർഗനിർദേശങ്ങളും മുൻകരുതലുകളും പാലിക്കേണ്ടതിന്‍റെ ആവശ്യകത വ്യക്തമാകുന്നുണ്ട്. ഇതിന്‍റെ ഭാഗമായി സർക്കാർ പ്രഖ്യാപിക്കുന്ന നിയന്ത്രണങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്നും ഡിവിഷണല്‍ കമ്മിഷണർ പറഞ്ഞു.
വിശ്വാസികള്‍ ഇത്തവണത്തെ ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ വീടുകൾക്കുള്ളിൽ നടത്തണമെന്ന് കശ്മീർ പൊലീസ് ഇൻസ്പെക്ടർ ജനറൽ വിജയ് കുമാറും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മതനേതാക്കള്‍ ഇതിനായി മുൻകൈയെടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. 2019 ഓഗസ്റ്റ് 5 മുതൽ ജമ്മു കശ്മീർ ഭരണകൂടം കശ്മീർ മേഖലയിൽ വലിയ മത സമ്മേളനങ്ങൾക്ക് അനുമതി നൽകിയിട്ടില്ല.