ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും 2024ലും ബിജെപിക്ക് റെക്കോഡ് ഭൂരിപക്ഷമുണ്ടാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാരിനെതിരായി പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ എല്ലാ അഴിമതി പാര്‍ട്ടികളും ഇപ്പോള്‍ ഒന്നിച്ചിരിക്കുന്നു. പ്രതിപക്ഷത്തിന് അധികാരത്തോട് ആര്‍ത്തിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. അഴിമതി ഇല്ലാത്ത ഇന്ത്യയെ സൃഷ്‌ടിക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. ആഗോള തലത്തില്‍ രാജ്യത്തിന്‍റെ പ്രതിച്ഛായ മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനായി. രാജ്യത്തെ സ്റ്റാര്‍ട്ട് അപ്പുകളില്‍ റെക്കോഡ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നും മോദി അവിശ്വാസ പ്രമേയത്തിന് മറുപടി നല്‍കവെ അവകാശപ്പെട്ടു.
അവിശ്വാസം ലോക്‌സഭയില്‍ ഉന്നയിച്ച പ്രതിപക്ഷത്തിന് നന്ദിയുണ്ട്. ഇത് കേന്ദ്ര സർക്കാരിന്‍റെ പരീക്ഷണമല്ല. പ്രതിപക്ഷത്തിന്‍റെ മാത്രം പരീക്ഷണമാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ ജനങ്ങള്‍ അവിശ്വസിച്ചു. വരാനിരിക്കുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും ബിജെപി റെക്കോഡ് വിജയം നേടും. കേരളത്തിലെ എംപിമാർ ഫിഷറീസ് ബില്ലിനെ പോലും പരിഗണിച്ചില്ലെന്നും മോദി കുറ്റപ്പെടുത്തി.
'അധിർ രഞ്ജൻ ചൗധരിയെ കോണ്‍ഗ്രസ് ഒതുക്കി': പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് രാജ്യത്തേക്കാള്‍ വലുത് അവരുടെ പാര്‍ട്ടിയാണ്. എന്നാല്‍, രാജ്യത്തിന്‍റെ വികസനവും ജനങ്ങളുടെ സ്വപ്‌ന സാക്ഷാത്കാരവുമാണ് ബിജെപി ലക്ഷ്യം. മമത ബാനര്‍ജിയെ പരോക്ഷമായി വിമര്‍ശിക്കാനും മോദി മുതിര്‍ന്നു. കൊല്‍ക്കത്തയില്‍ നിന്ന് ഫോണ്‍ വന്നതോടെ അധിർ രഞ്ജൻ ചൗധരിയെ കോണ്‍ഗ്രസ് ഒതുക്കുകയുണ്ടായെന്നും മോദി കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാക്കള്‍ എപ്പോഴും ജനങ്ങളെ നിരാശപ്പെടുത്തുകയാണ് ചെയ്യുന്നത്. രാജ്യത്തെ യുവാക്കള്‍ക്ക് വേണ്ടി അഴിമതി ഇല്ലാത്ത ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. രാജ്യത്ത് സ്റ്റാർട്ടപ്പുകളില്‍ റെക്കോഡ് വർധനയാണ് ഉണ്ടായിരിക്കുന്നത്. സ്വച്ഛ് ഭാരത് പദ്ധതി നടപ്പാക്കിയതിലൂടെ മൂന്ന് ലക്ഷം പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. ഇത് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ആഗോള ഏജന്‍സികള്‍ രാജ്യത്തെ പ്രശംസിക്കുന്ന ഘട്ടമെത്തിയെന്നും മോദി സഭയില്‍ അവകാശപ്പെട്ടു.
മണിപ്പൂര്‍ വിഷയത്തില്‍ മോദി പറഞ്ഞത്: അവിശ്വാസ പ്രമേയത്തില്‍ മണിപ്പൂര്‍ വിഷയത്തെക്കുറിച്ച് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരത മാതാവുമായി മണിപ്പൂര്‍ വിഷയത്തെ ബന്ധപ്പെടുത്തി പ്രതിപക്ഷം വിമര്‍ശിച്ചത് അവരുടെ പ്രകടനത്തിലെ നിരാശകൊണ്ട്. ഈ പരാമര്‍ശം വേദനാജനകമാണെന്നും മാപ്പ് അര്‍ഹിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിലെ ചര്‍ച്ച പ്രതിപക്ഷം അട്ടിമറിച്ചു. രാജ്യത്തിന്‍റെ നിലപാട് മണിപ്പൂരിന് ഒപ്പം നില്‍ക്കുക എന്നതാണ്. മണിപ്പൂരിലെ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒപ്പം രാജ്യമുണ്ട്. മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കുമെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.