ന്യൂഡൽഹി: തുടർച്ചയായ ഇന്ധനവില വർധനയ്ക്കിടെ ഇന്ന് പെട്രോൾ, ഡീസൽ വിലയിൽ വർധനവില്ല. രാജ്യത്ത് പെട്രോളിനു 29 പൈസയും, ഡീസലിന് 30 പൈസയുമാണ് കഴിഞ്ഞദിവസം കൂട്ടിയത്. ജൂൺ മാസത്തിൽ മാത്രം 20 ദിവസത്തിനിടെ ഇന്ധനവില 11 തവണയാണ് വർധിപ്പിച്ചത്. ന്യൂഡൽഹിയിൽ പെട്രോളിന് ലിറ്ററിന് 97.22 രൂപയും ഡീസലിന് ഡീസലിന് 87.97 രൂപയുമാണ് നിലവിലെ വില.
നൂറിനരികെ സംസ്ഥാനം
സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വർദ്ധന 100 രൂപയ്ക്ക് അടുത്തെത്തി. ഒരു ലിറ്റർ പെട്രോളിന് സംസ്ഥാനത്ത് 99 രൂപ 20 പൈസയും ഒരു ലിറ്റർ ഡീസലിന് 94 രൂപ 47 പൈസയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 97 രൂപ 32 പൈസയും, ഡീസലിന് 93 രൂപ 71 പൈസയുമായി.
നൂറ് കടന്ന് മെട്രോ നഗരങ്ങൾ
ബെംഗളൂരുവിൽ പെട്രോളിന് 100.36 രൂപയും ഡീസലിന് 95.44 രൂപയുമാണ് വില. മുംബൈയാണ് ആദ്യമായി പെട്രോൾ വില 100 കടന്ന മെട്രോ നഗരം. നിലവിൽ എട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പെട്രോൾ ലിറ്ററിന് 100 രൂപ എന്ന നിരക്കാണ് ഉള്ളത്. രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ജമ്മു കശ്‌മീർ, ലഡാക്ക് എന്നിവിടങ്ങളിലാണ് 100 രൂപ കടന്നത്.
ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള രാജസ്ഥാനിലെ ശ്രീ ഗംഗനഗർ ജില്ലയിൽ ഫെബ്രുവരി പകുതിയോടെ പെട്രോൾ ലിറ്ററിന് 100 രൂപയിലെത്തിയിരുന്നു. കഴിഞ്ഞയാഴ്‌ച ഡീസൽ വിലയും 100 കടന്നിരുന്നു. നഗരത്തിൽ പെട്രോൾ ലിറ്ററിന് 108.07 രൂപയും ഡീസലിന് 100.82 രൂപയുമാണ് വില.
Read More:ഇന്ധന വില വർധന; സംസ്ഥാനത്ത് ഇന്ന് ചക്രസ്തംഭന സമരം
പെട്രോൾ, ഡീസൽ എന്നിവക്ക് രാജ്യത്ത് ഏറ്റവും കൂടുതൽ വാറ്റ് ഈടാക്കുന്നത് രാജസ്ഥാൻ ആണ്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ.