'ഏഴു കടൽ ഏഴു മലൈ'യില്‍ (Yezhu Kadal Yezhu Malai) നിന്നുള്ള അനശ്വര പ്രണയത്തിന്‍റെ ദൃശ്യങ്ങൾക്കിനി രണ്ട് നാള്‍ കൂടി. നിവിന്‍ പോളി (Nivin Pauly) നായകനായി എത്തുന്ന തമിഴ് ചിത്രം 'ഏഴു കടൽ ഏഴു മലൈ'യുടെ ആദ്യ ഗ്ലിംപ്‌സ് ജനുവരി 2ന് പുറത്തുവിടും. ജനുവരി 2ന് വൈകിട്ട് 5.01നാണ് 'ഏഴു കടൽ ഏഴു മലൈ'യുടെ ആദ്യ ഗ്ലിംപ്‌സ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക (Yezhu Kadal Yezhu Malai First Glimpse).
ഈ അവസരത്തില്‍ നിവിന്‍ പോളി ആരാധകരും ആവേശത്തിലാണ്. തങ്ങളുടെ പ്രിയ താരത്തിന്‍റെ പുതിയ സിനിമയുടെ ആദ്യ കാഴ്‌ചയ്‌ക്കായി അക്ഷമയോടെ കാത്തിരിക്കുകയാണ് നിവിന്‍ പോളി ആരാധകര്‍. നിവിന്‍ പോളിയുടെ പല സോഷ്യല്‍ മീഡിയ ഫാന്‍ പേജുകളിലും ഇതുസംബന്ധിച്ച പോസ്‌റ്ററുകളും ചര്‍ച്ചകളും നടക്കുകയാണ്.
അതേസമയം 'ഏഴു കടൽ ഏഴു മലൈ' 53-ാമത് റോട്ടർഡാം ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്‌റ്റിവലില്‍ പ്രീമിയര്‍ ചെയ്യാനൊരുങ്ങുകയാണ് (Yezhu Kadal Yezhu Malai in Rotterdam fest). പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ നിവിന്‍ പോളിയുടെ 'ഏഴു കടൽ ഏഴു മലൈ' ലോക പ്രശസ്‌തമായ റോട്ടർഡാം ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്‌റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് മലയാളികള്‍ക്ക് അഭിമാന നിമിഷമാണ് (International Film Festival Rotterdam).
2024 ജനുവരി 25 മുതൽ ഫെബ്രുവരി 4 വരെയാണ് റോട്ടർഡാം ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്‌റ്റ്. ഫിലിം ഫെസ്‌റ്റിലെ ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ എന്ന മത്സര വിഭാഗത്തിലേയ്‌ക്കാണ് 'ഏഴു കടൽ ഏഴു മലൈ' തെരഞ്ഞെടുക്കപ്പെട്ടത്. ലോകോത്തര സിനിമകൾ മത്സരിക്കുന്ന വിഭാഗമാണ് ബിഗ് സ്ക്രീൻ കോമ്പറ്റീഷൻ.
നിവിന്‍ പോളിയെ കൂടാതെ തമിഴ് നടന്‍ സൂരിയും ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഞ്ജലിയാണ് സിനിമയില്‍ നിവിന്‍റെ നായികയായി എത്തുന്നത്. ബിഗ് ബജറ്റില്‍ ഒരുക്കിയ സിനിമയുടെ സംവിധാനം ദേശീയ അവാര്‍ഡ് ജേതാവായ 'റാം' ആണ്. വി ഹൗസ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുരേഷ് കാമാച്ചി ആണ് സിനിമയുടെ നിര്‍മാണം.
യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് പട്ടണം റഷീദാണ് സിനിമയുടെ ചമയം. എന്‍കെ ഏകാംബരം ഛായാഗ്രഹണവും മതി വി എസ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.
കൊറിയോഗ്രഫി - സാന്‍ഡി, ആക്ഷന്‍ - സ്‌റ്റണ്ട് സില്‍വ, കോസ്റ്റ്യൂം ഡിസൈനര്‍ - ചന്ദ്രക്കാന്ത് സോനവാനെ, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ഉമേഷ് ജെ കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണയറപ്രവര്‍ത്തകര്‍.
നിവിൻ പോളിയുടേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'രാമചന്ദ്രബോസ് ആന്‍ഡ് കോ' (Ramachandra Boss And Co response). ഒരു കൊളളയുടെയും കൊള്ളക്കാരൻ്റെയും കഥയായിരുന്നു ചിത്രം പറഞ്ഞത്. ഹനീഫ് അദേനി (Haneef Adeni) സംവിധാനം ചെയ്‌ത ചിത്രം ഒരു പക്കാ ഫാമിലി എൻ്റര്‍ടെയിനറായാണ് തിയേറ്ററുകളില്‍ എത്തിയത്.
സിനിമയില്‍ ഒരു കൊള്ളക്കാരന്‍റെ വേഷമായിരുന്നു നിവിന്‍ പോളിക്ക്. നിവിന്‍ പോളിയെ കൂടാത വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു എന്നിവരും ചിത്രത്തില്‍ അണിനിരന്നു. നിവിൻ പോളിയുടെ പോളി ജൂനിയർ പിക്‌ചേഴ്‌സും മാജിക് ഫ്രെയിംസും ചേർന്നായിരുന്നു സിനിമയുടെ നിര്‍മാണം.
Also Read: നിവിന്‍ പോളിയുടെ ഏഴു കടൽ ഏഴു മലൈ റോട്ടർഡാം ഫിലിം ഫെസ്‌റ്റിവലിൽ