ന്യൂഡൽഹി : 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കമെന്നോണം, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ബുധനാഴ്‌ച (സെപ്‌റ്റംബര്‍ 7) നടത്തിയ ആഹ്വാനം ശ്രദ്ധേയമായിരിക്കുകയാണ്. ബിജെപിയെ തുരത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ‘മുഖ്യ മുന്നണി’ രൂപീകരിക്കണമെന്നാണ് അദ്ദേഹത്തിന്‍റെ ആഹ്വാനം. നേതൃത്വത്തെക്കുറിച്ച് പിന്നീട് തീരുമാനമെടുക്കാമെന്നും സെപ്‌റ്റംബർ അഞ്ച് മുതൽ പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്‌ചകൾക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
നേതാക്കളുമായി നല്ല രൂപത്തിലുള്ള ചർച്ച നടത്തി. കൃത്യമായ ഘടനയും അജണ്ടയുമുള്ള ഒന്നായി ഈ മുന്നണി ക്രമേണ മാറുമെന്നുള്ള പ്രതീക്ഷയും അദ്ദേഹം മാധ്യമങ്ങളോട് പങ്കുവച്ചു. ഓഗസ്റ്റ് മാസം ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ആർജെഡി - കോൺഗ്രസ് - ഇടതുപാര്‍ട്ടികള്‍ എന്നിവയുടെ പിന്തുണയോടെ നിതീഷ്, സർക്കാർ രൂപീകരിച്ചിരുന്നു. ശേഷമാണ്, അദ്ദേഹം പ്രതിപക്ഷ പാര്‍ട്ടികളുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കം ആരംഭിച്ചത്.
'ബിജെപി നയിക്കുന്നത് സംഘര്‍ഷത്തിലേക്ക്': കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ, ഐഎൻഎൽഡി നേതാവ് ഒപി ചൗട്ടാല, എസ്‌പി നേതാവ് മുലായം സിങ് യാദവ്, മുലായത്തിന്‍റെ മകനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് എന്നിവരുമായാണ് അദ്ദേഹം ചര്‍ച്ച നടത്തിയത്.
ബുധനാഴ്‌ച (സെപ്‌റ്റംബര്‍ 7) എൻസിപി നേതാവ് ശരദ് പവാറുമായും സിപിഐ(എംഎൽ) ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യയുമായും നേരിട്ടുകണ്ട് സംസാരിച്ചിരുന്നു. മുന്‍പ് പരീക്ഷിച്ച ബിജെപി, കോൺഗ്രസ് ഇതര മൂന്നാം മുന്നണി പോലെയായിരിക്കില്ല. ഒരു മുഖ്യ മുന്നണിയായിരിക്കും പുതിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
"കോൺഗ്രസും ഇടതുപക്ഷവും സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള പാർട്ടികളുമടങ്ങുന്നത് ദേശീയതാത്‌പര്യത്തിന് ഉതകുന്നതാണ്. വിവിധ സംസ്ഥാനങ്ങളിലെ ബിജെപി ഇതര പാർട്ടികളെല്ലാം ഒന്നിച്ചാൽ രാജ്യത്ത് നല്ല അന്തരീക്ഷത്തിന് വഴിയൊരുക്കും. ബിജെപി ഏകപക്ഷീയമായ അജണ്ട മുന്നില്‍വച്ചാണ് പ്രവർത്തിക്കുന്നത്. ആ പാര്‍ട്ടിയുടെ ഇടപെടല്‍ സമൂഹത്തിൽ സംഘർഷമുണ്ടാക്കുന്നതിലേക്ക് നയിക്കുന്നതാണ്.''- നിതീഷ് ആരോപിച്ചു.
'പ്രശാന്തിന്‍റേത് അര്‍ഥമില്ലാത്ത വാക്കുകള്‍': എന്‍ഡിഎ മുന്നണി വിടാനുള്ള നിതീഷ് കുമാറിന്‍റെ തീരുമാനം ദേശീയ തലത്തില്‍ അല്ല, പ്രാദേശിക തലത്തിലുള്ള പ്രത്യാഘാതത്തിന് വഴിയൊരുക്കുമെന്ന് രാഷ്‌ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ വിലയിരുത്തിയിരുന്നു. ഇതിനെതിരെ ബിഹാർ മുഖ്യമന്ത്രി രംഗത്തെത്തി. "ആ മനുഷ്യൻ എന്നോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹം ചെയ്യുന്ന ജോലി ഉപേക്ഷിക്കാൻ ഞാൻ നേരത്തേ ഉപദേശിച്ചതാണ്. എന്നിട്ടും, അദ്ദേഹം രാജ്യത്തെ നിരവധി രാഷ്‌ട്രീയ പാർട്ടികള്‍ക്കായി പ്രവര്‍ത്തിച്ചു. അദ്ദേഹം ചെയ്യാൻ ആഗ്രഹിക്കുന്നതെന്തും ചെയ്യട്ടെ, കുഴപ്പമില്ല. എന്നാല്‍, ബിഹാറിനെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്‍റെ പ്രവചനത്തില്‍ ഒരു അർഥവുമില്ല"- നിതീഷ് പറയുന്നു.
1996-ൽ വാജ്‌പേയി-അദ്വാനി കാലഘട്ടത്തിലാണ് ആദ്യമായി ബിജെപിയുമായി നിതീഷ് കൈകോർത്തത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിനാണ് നിതീഷ് കുമാര്‍ എൻഡിഎ വിട്ടത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ യുണൈറ്റഡിന്‍റെ നേൃത്വത്തിലുള്ള ബിഹാര്‍ സര്‍ക്കാരിനെ അട്ടിമറിയിലൂട പുറത്താക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന അഭ്യൂഹത്തിനിടെയാണ് നിതീഷും പാര്‍ട്ടിയും എന്‍ഡിഎ വിട്ടത്.