ചണ്ഡിഗഡ് (ഹരിയാന) : നിക്കി യാദവും സാഹില്‍ ഗെലോട്ടും കേവലം ലിവ് ഇന്‍ പങ്കാളികള്‍ മാത്രമായിരുന്നില്ലെന്നും വിവാഹിതരായിരുന്നുവെന്നുമുള്ള പൊലീസ് വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി യുവതിയുടെ പിതാവ് സുനില്‍ യാദവ്. ഇരുവരും വിവാഹിതരായിരുന്നുവെന്നുള്ള വിവരം തനിക്കോ കുടുംബത്തിനോ അറിയില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരി 10നാണ് 24 കാരിയായ നിക്കിയെ മൊബൈല്‍ ഫോണ്‍ കേബിള്‍ കഴുത്തില്‍ മുറുക്കി ലിവ് ഇന്‍ പങ്കാളിയായ സാഹില്‍ കൊലപ്പെടുത്തുന്നത്.
നിക്കിയും സാഹിലും മൂന്ന് വർഷങ്ങള്‍ക്ക് മുമ്പ് ആര്യസമാജ ക്ഷേത്രത്തിൽ വച്ച് വിവാഹിതരായെന്ന് ചോദ്യം ചെയ്യലില്‍ മനസിലായതായി ഇന്ന് പൊലീസ് അറിയിച്ചിരുന്നു. സാഹില്‍ മറ്റൊരു വിവാഹത്തിനൊരുങ്ങുന്നതിനെ നിക്കി വിലക്കിയിരുന്നതായും സ്‌പെഷ്യല്‍ പൊലീസ് കമ്മിഷണര്‍ രവീന്ദര്‍ യാദവ് വ്യക്തമാക്കിയിരുന്നു. 2020 ല്‍ ഇരുവരും ഉഭയകക്ഷി സമ്മതപ്രകാരം വിവാഹം കഴിച്ചതിനാല്‍ തുടര്‍ന്നിങ്ങോട്ട് ലിവിന്‍ പങ്കാളികളല്ലെന്നും ഭാര്യാ ഭര്‍ത്താക്കന്മാരാണെന്നും അറിയിച്ചായിരുന്നു നിക്കി സാഹിലിനെ അടുത്ത കല്യാണത്തിനുള്ള നീക്കത്തില്‍ നിന്ന് വിലക്കിയത്. മാത്രമല്ല സാഹിലിന്‍റെ വീട്ടുകാര്‍ മറ്റൊരു യുവതിയുമായി ഫെബ്രുവരി 10ന് നിശ്ചയിച്ചിരുന്ന വിവാഹം നടത്തുന്നതില്‍ നിക്കി എതിര്‍പ്പ് തുടര്‍ന്നതോടെയാണ് കുടുംബാംഗങ്ങളും പരിചയക്കാരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്‌തതെന്നും സാഹില്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായി ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.
നിക്കി യാദവിന്‍റെ കൊലപാതകത്തില്‍ സഹായികളായതിന് സാഹിലിന്‍റെ പിതാവ് ഉള്‍പ്പടെ അഞ്ചുപേരെയാണ് ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തത്. സാഹിലിന്‍റെ ബന്ധുക്കളും പരിചയക്കാരുമായ ആശിഷ്, നവീന്‍, അമര്‍, ലോകേഷ് എന്നിവരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 120ബി (ക്രിമിനല്‍ ഗൂഢാലോചന), 201 (തെളിവ് നശിപ്പിക്കല്‍), 202 (അറിഞ്ഞോ അറിയാതെയോ കുറ്റകൃത്യത്തിന്‍റെ ഭാഗമാകല്‍), 212 (കുറ്റവാളിയെ സംരക്ഷിക്കല്‍) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. ഇതില്‍ അറസ്‌റ്റ് ചെയ്യപ്പെട്ട നവീന്‍ എന്ന സാഹിലിന്‍റെ ബന്ധു ഡല്‍ഹി പൊലീസില്‍ കോണ്‍സ്‌റ്റബിളാണെന്നും പിന്നീട് പൊലീസ് അറിയിച്ചിരുന്നു.
അറസ്‌റ്റ് ചെയ്‌ത് കോടതിയില്‍ ഹാജരാക്കിയ സാഹിലിനെ അഞ്ച് ദിവസത്തെ പൊലീസ് കസ്‌റ്റഡിയില്‍ വിട്ടിരുന്നു. നിക്കിയെ കൊലപ്പെടുത്തിയ രാത്രിയില്‍ സാഹില്‍ കാറില്‍ സഞ്ചരിച്ച വഴിയെക്കുറിച്ച് സംഘങ്ങളായി തിരിഞ്ഞ് അന്വേഷിക്കുകയാണെന്നറിയിച്ച പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 10 നാണ് സാഹില്‍ ഗെലോട്ട് പങ്കാളിയായ നിക്കി യാദവിനെ കൊലപ്പെടുത്തുന്നത്. കാറില്‍ സഞ്ചരിക്കവെ ഫോണ്‍ കേബിള്‍ കഴുത്തില്‍ മുറുക്കിയാണ് സാഹില്‍ കൃത്യം നടത്തിയത്. പിന്നീട് മൃതദേഹം സാഹിലിന്‍റേതായി ഡല്‍ഹിയിലെ മിത്രോണ്‍ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ധാബയിലെ ഫ്രിഡ്‌ജില്‍ സൂക്ഷിക്കുകയായിരുന്നു.
ഒരു കോച്ചിങ് സെന്‍ററില്‍ വച്ച് 2018 ലാണ് സാഹില്‍ നിക്കി യാദവിനെ പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. തുടര്‍ന്ന് പ്രണയത്തിലായ ഇരുവരും 2020ല്‍ വിവാഹിതരായി. എന്നാല്‍ മറ്റൊരു യുവതിയുമായി സാഹിലിന്‍റെ വിവാഹം നടത്താനായിരുന്നു ബന്ധുക്കള്‍ നിശ്ചയിച്ചിരുന്നത്. ഇത് മനസിലാക്കിയ നിക്കി സാഹിലിനെ പിന്തിരിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് യുവതിയുടെ വധത്തിലേക്ക് നീളുന്നത്.