ഗാന്ധിനഗര്‍: കൊവിഡ് പശ്ചാത്തലത്തില്‍ അഹമ്മദാബാദില്‍ രാത്രികാല കര്‍ഫ്യൂ നീട്ടി. അടുത്ത ഉത്തരവ് വരുന്നതുവരെ കര്‍ഫ്യൂ നീട്ടിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം 306 കൊവിഡ് കേസുകള്‍ അഹമ്മദാബാദില്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 52,030 ആയി ഉയര്‍ന്നു. കേസുകള്‍ വര്‍ധിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് രാത്രികാല കര്‍ഫ്യൂ നീട്ടിയത്. നവംബര്‍ 23 മുതല്‍ ഡിസംബര്‍ ഏഴ് വരെയായിരുന്നു നേരത്തെ അഹമ്മദാബാദില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. സിറ്റി പൊലീസ് കമ്മീഷണര്‍ സജ്ഞയ് ശ്രീവാസ്‌തവയാണ് കര്‍ഫ്യൂ നീട്ടിയതായി അറിയിച്ചത്. ഡിസംബര്‍ 7 മുതല്‍ രാത്രി 9 മുതല്‍ രാവിലെ 6 വരെയാണ് കര്‍ഫ്യൂ. ഈ സമയം ആളുകള്‍ പുറത്തിറങ്ങരുതെന്ന് പൊലീസ് അറിയിച്ചു.
റോഡിലോ, തെരുവുകളിലോ ആളുകള്‍ നില്‍ക്കുകയോ സഞ്ചരിക്കുകയോ ചെയ്യരുതെന്നും വാഹനങ്ങളില്‍ യാത്ര ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. പൊലീസ് വാഹനങ്ങള്‍, സിവില്‍ ഡിഫന്‍സ്, സിഎപിഎഫ്, അഗ്‌നിശമന സേന സര്‍വ്വീസ്, മാധ്യമങ്ങള്‍, എംടിഎം സേവനങ്ങള്‍ എന്നിവയ്‌ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. പാല്‍, ജലം എന്നിവയുടെ വിതരണം, ആരോഗ്യമേഖല, എല്‍പിജി വിതരണം എന്നിവയെയും രാത്രികാല കര്‍ഫ്യൂവിന്‍റെ പരിധിയില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കെതിരെ ഐപിസി 188, ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ് ആക്‌ട് എന്നിവയുടെ കീഴില്‍ കേസ് എടുക്കുന്നതാണ്. നവംബര്‍ 21 മുതല്‍ രാജ്‌കോട്ട്, വഡോദര, സൂറത്ത് എന്നിവിടങ്ങളിലും സമാനമായി രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.