ചണ്ഡീഗഢ്: കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ഏപ്രില്‍ 30 വരെ രാഷ്ട്രീയ കൂടിച്ചേരലുകള്‍ക്കും, പൊതുപരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം രാത്രി 9 മണി മുതല്‍ രാവിലെ 5 മണി വരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. 12 ജില്ലകളിലാണ് കര്‍ഫ്യൂ.
വിവാഹം, മരണാനന്തരച്ചടങ്ങുകള്‍ തുടങ്ങിയവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആയി ചുരുക്കി. സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലിചെയ്യുന്നവര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കി. ഏപ്രില്‍ 30 വരെ സ്കൂളുകളും കോളേജുകളും അടഞ്ഞ് കിടക്കും. മാളുകളിലും മറ്റും പോകുന്നവരുടെ എണ്ണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
പ്രതിവാര അവലോകനത്തിൽ സംസ്ഥാനത്തെ ഉയർന്ന കൊവിഡ് കേസുകള്‍, മരണനിരക്ക് എന്നിവയിൽ ക്യാപ്റ്റൻ അമരീന്ദർ സിംഗ് ആശങ്ക പ്രകടിപ്പിച്ചു. പഞ്ചാബിലെ 85 ശതമാനത്തിലധികം കേസുകളും യുകെയിൽ നിന്നുള്ളവരാണെന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.