ലക്‌നൗ : ഗാസിയാബാദിലെ നന്ദ്ഗ്രാം പ്രദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന നൈജീരിയൻ പൗരൻ പട്ടിണി കിടന്ന് മരിച്ചു. മൈക്കേൽ അമേനിക്കെ മഡുകെയ്ക്കാണ് ജീവഹാനിയുണ്ടായത്. ആരോഗ്യനില മോശമായതിനെ തുടർന്ന് ഡൽഹിയില്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല.
പരിശോധനയിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഇയാൾക്ക് ഭക്ഷണമോ വെള്ളമോ ലഭ്യമായിട്ടില്ലെന്ന് ഡോക്‌ടർമാർ സ്ഥിരീകരിച്ചു. റിപ്പോർട്ടുകൾ പ്രകാരം ഇയാൾ നന്ദ്ഗ്രാം പ്രദേശത്ത് ഒരു പരിചയക്കാരൻ വാടകയ്‌ക്കെടുത്ത വീട്ടിൽ രഹസ്യമായി താമസിക്കുകയായിരുന്നു.
Also Read: വാരാന്ത്യങ്ങളിലും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകി യുപി സർക്കാർ
വീട് വാടകയ്‌ക്ക് എടുത്ത വ്യക്തി വിവരം വീട്ടുടമയെ അറിയിച്ചിരുന്നില്ല. ഇയാൾക്ക് വിഷാദരോഗമുണ്ടായിരുന്നതായും അതിനാൽ ദിവസങ്ങളോളം ഭക്ഷണവും വെള്ളവും സ്വീകരിച്ചിരുന്നില്ലെന്നും ഉദ്യോഗസ്ഥൻ നിപുൻ അഗർവാൾ പറഞ്ഞു.
സംഭവത്തെ കുറിച്ച് നൈജീരിയൻ ഹൈക്കമ്മീഷനെ വിവരം അറിയിച്ചതായും കേസിൽ സംശയാസ്പദമായ ഒന്നും തന്നെയില്ലെന്നതിനാൽ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.