നാഗ്‌പൂർ (മഹാരാഷ്‌ട്ര) : മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്‌കരിയെ അപായപ്പെടുത്തുമെന്ന ഭീഷണിയിൽ എൻഐഎ ഉടൻ അന്വേഷണം ആരംഭിക്കും. കേസിൽ കർണാടകയിലെ ബെൽഗാം ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ജയേഷ് കാന്ത എന്ന ജയേഷ് പൂജാരിയെ നാഗ്‌പൂർ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ജനുവരിയിലാണ് പ്രതി ജയേഷ് പൂജാരിയുടെ ആദ്യ ഭീഷണി സന്ദേശം നിതിൻ ഗഡ്‌കരിയുടെ പബ്ലിക് റിലേഷൻസ് ഓഫിസിലേക്ക് എത്തിയത്.
ഓഫിസിലേക്ക് ഫോൺ വിളിച്ച് പണം ആവശ്യപ്പെടുകയും ഭീഷണി മുഴക്കുകയുമായിരുന്നു. 100 കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. പിന്നീട് മാർച്ചിൽ 10 കോടി രൂപ ആവശ്യപ്പെടുകയും പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.
ഭീഷണി സന്ദേശത്തിന് പിന്നാലെ നിതിൻ ഗഡ്‌കരിയുടെ സുരക്ഷയും വർധിപ്പിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ബെൽഗാവ് ജയിലിൽ നിന്ന് ജയേഷ് പൂജാരിയാണ് ഭീഷണി മുഴക്കി ഫോൺ വിളിച്ചത് എന്ന് കണ്ടെത്തി. തുടർന്ന് മാർച്ച് 28ന് ബെൽഗാം ജയിലിൽ ശിക്ഷ അനുഭവിച്ചിരുന്ന ജയേഷ് പൂജാരിയെ നാഗ്‌പൂർ പൊലീസ് അറസ്റ്റ് ചെയ്‌ത് നാഗ്‌പൂരിലേക്ക് കൊണ്ടുവന്നു.
അന്വേഷണത്തിൽ ജയേഷ് പൂജാരിക്ക് ഭീകരനുമായും ഗുണ്ടാസംഘങ്ങളുമായും ബന്ധമുണ്ടെന്ന് കണ്ടെത്തി. തുടർന്ന് നാഗ്‌പൂർ പൊലീസ് ജയേഷ് പൂജാരിക്കെതിരെ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും കേന്ദ്ര ആഭ്യന്തര വകുപ്പിന് കേസിന്‍റെ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്‌തു. തുടർന്നാണ് കേസിന്‍റെ അന്വേഷണ ചുമതല എൻഐഎയെ ഏൽപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. എൻഐഎ അന്വേഷണ സംഘം നാഗ്‌പൂരിലെത്തി ഈ കേസിന്‍റെ അന്വേഷണ ചുമതല ഉടൻ ഏറ്റെടുക്കും.
ആരാണ് ജയേഷ് കാന്ത എന്ന ജയേഷ് പൂജാരി? 2016ൽ കൊലപാതകക്കുറ്റത്തിന് ഇയാൾക്ക് വധശിക്ഷ വിധിച്ചിട്ടുണ്ട്. ജയിൽ ചാടിയ കേസിലെ പ്രതി കൂടിയാണ് ജയേഷ് കാന്ത. മുൻപും പണം തട്ടിയെടുത്തതിന്‍റെ പഴയ രേഖകളുണ്ട്. നാഗ്‌പൂർ പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ ഇയാളുടെ പക്കൽ നിന്ന് നിരവധി വിഐപികളുടെ നമ്പറുകൾ അടങ്ങിയ ഡയറി കണ്ടെത്തി. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് നാഗ്‌പൂർ നഗരത്തിലെ ബജാജ് നഗർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
ആവർത്തിച്ചുള്ള ഭീഷണി സന്ദേശങ്ങൾ : ജനുവരി 14 ശനിയാഴ്‌ച രാവിലെ 11.30 നും 11.40നും ഇടയിലായിരുന്നു മന്ത്രിയുടെ ഓഫിസിലേക്ക് ഭീഷണി കോളുകൾ എത്തിയത്. അന്നേ ദിവസം തന്നെ മൂന്ന് കോളുകള്‍ ഇയാൾ ചെയ്‌തു. താന്‍ ദാവൂദ് ഇബ്രാഹിം സംഘത്തിലെ അംഗമാണെന്നും അവകാശപ്പെട്ടു.
ഭീഷണി കോളുകൾ ലഭിച്ചതോടെ മന്ത്രി പങ്കെടുക്കാനിരുന്ന പരിപാടികളിൽ ഉൾപ്പെടെ സുരക്ഷ വർധിപ്പിച്ചു. കോൾ ഡാറ്റ റെക്കോഡ് ശേഖരിച്ചു. ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന ഓട്ടോ എക്‌സ്‌പോ 2023 മന്ത്രി ഉദ്‌ഘാടനം ചെയ്‌തതിന്‍റെ അടുത്ത ദിവസത്തിലാണ് മന്ത്രിയ്‌ക്ക് ആദ്യ ഭീഷണി സന്ദേശം ലഭിച്ചത്. മന്ത്രിയുടെ ഓഫിസിലെ ലാന്‍ഡ് ലൈന്‍ നമ്പരിലായിരുന്നു ഇയാള്‍ വിളിച്ചത്.
Also read : നിതിന്‍ ഗഡ്‌കരിക്ക് വീണ്ടും ഭീഷണി സന്ദേശം: ഇത്തവണ ആവശ്യപ്പെട്ടത് 10 കോടി