മുംബെെ: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടകവസ്തു നിറച്ച കാർ കണ്ടെത്തിയ സംഭവത്തില്‍ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി അന്വേഷണ സംഘം ഇന്ന് സ്ഥലം സന്ദര്‍ശിച്ചു. കേസ് അന്വേഷിക്കാൻ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് എൻഐഎയ്ക്ക് തിങ്കളാഴ്ച ഉത്തരവ് ലഭിച്ചിരുന്നു. കാറില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്ത കേസാണ് എന്‍ഐഎ അന്വേഷിക്കുക.
അതേസമയം കാര്‍ ഉടമ മന്‍സുഖ് ഹിരണിന്‍റെ മരണം അന്വേഷിക്കുന്നത് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡാണ്.മാര്‍ച്ച് അഞ്ചിന് താനെയിലാണ് ഹിരണെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹിരണിന്‍റെ മരണവും എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഫെബ്രുവരി 25നാണ് തെക്കൻ മുംബൈയിലെ അംബാനിയുടെ മൾട്ടി സ്റ്റാർ വസതിയായ 'ആന്‍റിലിയ'ക്ക് സമീപം 20 ജെലാറ്റിൻ സ്റ്റിക്കുകളടങ്ങിയ സ്കോർപിയോ കാർ കണ്ടെത്തിയത്. കാര്‍ പാര്‍ക്ക് ചെയ്ത ആളുടെ ദൃശ്യങ്ങള്‍ പ്രദേശത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും മാസ്ക്ക് ധരിച്ചതിനാലും തല മറച്ചതിനാലും ആളെ തിരിച്ചറിയാനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് സിറ്റി പൊലീസ് അംബാനിയുടെ വീടിന്‍റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.