ന്യൂഡൽഹി : നിരോധിത ഭീകര സംഘടനയായ ഐഎസിന്‍റെ പരിശീലന കേന്ദ്രങ്ങൾ (ISIS Radicalization and Recruitment) ലക്ഷ്യമിട്ട് തമിഴ്‌നാട്ടിലും തെലങ്കാനയിലും എൻഐഎ റെയ്‌ഡ് (NIA Raids In Tamil Nadu And Telangana). 30 സ്ഥലങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി (National Investigation Agency) റെയ്‌ഡ് നടത്തിയത്. ഇന്ന് നടത്തിയ റെയ്‌ഡിൽ നിരവധി ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും പ്രാദേശിക ഭാഷകളിൽ തീവ്രവാദ ആശയങ്ങളുള്ള പുസ്‌തകങ്ങളും കണ്ടെടുത്തതായി എൻഐഎ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതിന് പുറമെ 60 ലക്ഷം രൂപയും 18,200 യുഎസ് ഡോളറും പരിശോധനയിൽ പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ഹാർഡ് ഡിസ്‌കുകൾ എന്നിവയിലെ വിവരങ്ങൾ പരിശോധിച്ചുവരികയാണ്. കോയമ്പത്തൂരിൽ 21 ഇടങ്ങളിലും ചെന്നൈയിൽ മൂന്നിടത്തും ഹൈദരാബാദിൽ അഞ്ചിടത്തും തെങ്കാശിയിൽ ഒരു സ്ഥലത്തുമാണ് റെയ്‌ഡ് നടന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ വാട്‌സ്‌ആപ്പ്, ടെലഗ്രാം എന്നിവയിലൂടെ സന്ദേശമയച്ചും പ്രാദേശിക പഠന കേന്ദ്രങ്ങൾ വഴി അറബിക് ക്ലാസുകൾ നടത്തുന്നെന്ന മറയിലും ഇവർ ദേശവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെന്ന് എൻഐഎ വാർത്ത കുറിപ്പിൽ പറഞ്ഞു. ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധപ്പെട്ട് പുതിയ ഗ്രൂപ്പുകൾ രൂപീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എൻഐഎ റെയ്‌ഡ് നടത്തിയത്.
'ഖിലാഫത്ത്' പ്രത്യയശാസ്‌ത്രം പ്രചരിപ്പിക്കുന്നതിനായി വിദ്യാർഥികളടക്കമുള്ള യുവാക്കൾക്ക് പരിശീലനം നൽകാൻ സംഘം പദ്ധതിയിട്ടിരുന്നതായി തെളിഞ്ഞെന്നും എൻഐഎ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്ത് ഭീകരത പടർത്താൻ സജീവമായി പ്രവർത്തിക്കുന്ന ഭീകര ശൃംഖലയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ഐഎസ് നടത്തുന്ന പ്രവർത്തനങ്ങളെ പരാജയപ്പെടുത്താനുള്ള ശ്രമമാണ് എൻഐഎ നടത്തുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു.
Also Read : NIA | ഐഎസ് പ്രവർത്തനത്തിന് ധനസമാഹരണം, കേരളത്തിലും ആക്രമണത്തിന് പദ്ധതിയിട്ടെന്ന് എൻഐഎയുടെ കണ്ടെത്തൽ
ഐഎസ് ബന്ധമുണ്ടെന്ന സംശയത്തിൽ വിദ്യാർഥി അറസ്‌റ്റിൽ : ഇക്കഴിഞ്ഞ ജൂലൈ 30 ന് ഐഎസ് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ തമിഴ്‌നാട്ടിൽ എഞ്ചിനീയറിങ് വിദ്യാർഥിയെ എൻ.ഐ.എയുടെ നിര്‍ദേശപ്രകാരം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. തിരുപ്പത്തൂർ ആമ്പൂർ സ്വദേശി അനസ് അലിയെയാണ് അറസ്‌റ്റ് ചെയ്‌തത്. സ്വകാര്യ എൻജിനീയറിങ് കോളജിൽ മൂന്നാം വർഷ വിദ്യാർഥിയായ അനസിനെ എൻഐഎയും സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റും ചേർന്ന് 14 മണിക്കൂറോളമാണ് കേസിൽ ചോദ്യം ചെയ്‌തത്.
അനസ് തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടിരുന്നതായും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ ആ പ്രസ്ഥാനങ്ങളുടെ പോസ്റ്റുകൾ പങ്കിടുകയും ലൈക്ക് ചെയ്‌തിരുന്നതായും അധികൃതർ അറിയിച്ചിരുന്നു.
Read More : ഐ.എസ് ബന്ധമുള്ളതായി സംശയം : എഞ്ചിനീയറിങ് വിദ്യാര്‍ഥി തമിഴ്‌നാട്ടില്‍ അറസ്റ്റില്‍