മുംബൈ: മുകേഷ് അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടകവസ്‌തു നിറച്ച വാഹനം കണ്ടെത്തിയതും, മൻസുഖ് ഹിരന്‍റെ കൊലപാതകവും സംബന്ധിച്ച കേസില്‍ അന്വേഷണം ശക്തമാക്കി ദേശീയ അന്വേഷണ ഏജൻസ്. എൻകൗണ്ടർ സ്പെഷ്യലിസ്റ്റായ പൊലീസ് ഓഫീസർ പ്രദീപ് ശർമയുടെ സബർബൻ അന്ധേരിയിലെ വസതിയിൽ വ്യാഴാഴ്ച എൻഐഎ സംഘം റെയ്ഡ് നടത്തി. സായുധരായ സിആർപിഎഫ് ഉദ്യോഗസ്ഥർക്കൊപ്പമെത്തിയ എൻഐഎ സംഘം രാവിലെ ആറുമണിയോടെയാണ് അന്ധേരിയിലെ ജെ.ബി നഗറിൽ സ്ഥിതി ചെയ്യുന്ന ശർമയുടെ വീട്ടിലെത്തിയത്. ശർമയെ തടഞ്ഞുവച്ചതിന് ശേഷമായിരുന്നു പരിശോധന.
also read: അംബാനിയുടെ വീടിന് മുന്നില്‍ സ്‌ഫോടകവസ്‌തു നിറച്ച കാര്‍ : രണ്ട് പേര്‍ കൂടി അറസ്റ്റില്‍
കേസുമായി ബന്ധപ്പെട്ട് ശർമ്മയെയും എൻഐഎ സംഘം ചോദ്യം ചെയ്യുന്നുണ്ട്. ശർമ താമസിക്കുന്ന കെട്ടിടത്തിലേക്ക് നയിക്കുന്ന റോഡുകൾ കേന്ദ്ര സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. പ്രദേശത്തെ പൊതുഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. റെയ്‌ഡിനെക്കുറിച്ചുള്ള വിവരം ലഭിച്ച ശേഷം മുംബൈ പൊലീസും ഉദ്യോഗസ്ഥരെ സംഭവസ്ഥലത്ത് വിന്യസിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി ദക്ഷിണ മുംബൈയിലെ എൻഐഎ ഓഫീസിൽ രണ്ട് ദിവസം ശർമയെ എൻഐഎ ചോദ്യം ചെയ്തിരുന്നു.
അറസ്‌റ്റുകള്‍ തുടരുന്നു
കേസിൽ ഉൾപ്പെട്ട മുൻ പൊലീസ് ഉദ്യോഗസ്ഥരായ സച്ചിൻ വെയ്സ്, റിയാസുദ്ദീൻ കാസി, സുനിൽ മാനെ, മുൻ പോലീസ് കോൺസ്റ്റബിൾ വിനായക് ഷിൻഡെ, ക്രിക്കറ്റ് ബെറ്റർ നരേഷ് ഗൈർ എന്നിവരെ എൻഐഎ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സന്തോഷ് ഷെലറിനെയും ആനന്ദ് ജാദവിനെയും അടുത്തിടെ പിടികൂടിയിരുന്നു. വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടകവസ്തുക്കളുമായി വാഹനം പാര്‍ക്ക് ചെയ്യാനുള്ള ഗൂലോചനയിൽ ഇരുവരും പങ്കാളികളാണെന്ന് എൻഐഎ അറിയിച്ചു.
ഈ വർഷം ഫെബ്രുവരി 25 നാണ് അംബാനിയുടെ തെക്കൻ മുംബൈ വസതിയായ ആന്‍റീലിയയ്ക്ക് സമീപം എസ്‌യുവി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. താനെ ആസ്ഥാനമായുള്ള ബിസിനസുകാരനായ മൻസുഖ് ഹിരനെ മാർച്ച് അഞ്ചിന് മുംബ്ര ക്രീക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. നേരത്തെ മഹാരാഷ്ട്ര പൊലീസ് അന്വേഷിച്ച രണ്ട് കേസുകളും പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു